സുകുമാരനും മമ്മൂട്ടിയുമായുള്ള ആത്മ ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. സുകുമാരനെപോലെയാണ് മമ്മൂട്ടിയെന്ന് സുകുമാരന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജിന് ഒരു പ്രശ്‌നം വന്നപ്പോള്‍ മമ്മൂട്ടി കൂടെ നിന്നത് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും മല്ലിക പറയുന്നു.
‘മമ്മൂട്ടിക്കുള്ള ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് അദ്ദേഹത്തിനുള്ള ഒരു ഓപ്പണ്‍നെസ്സ് ആണ്. ഒരു തുറന്ന മനസാ. ഒരിക്കല്‍ സുകുവേട്ടന്‍ പറഞ്ഞിട്ടുണ്ട്, എന്നെ പോലെയാ മമ്മൂട്ടി. ഇടക്ക് നാക്കൊന്ന് വളഞ്ഞു പോകും പക്ഷെ സ്വയം തിരുത്തുമെന്ന്.
ശരിക്കും പറയുകയാണെങ്കില്‍ എനിക്ക് മമ്മൂട്ടിയോട് വളരെ ബഹുമാനമാണ്. എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തൊരു അനുഭവമുണ്ട്. പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കകാലത്ത് വേറൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയെന്ന് പറഞ്ഞ് സംഘടനയില്‍ നിന്ന് ചെറിയ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പൃഥ്വിരാജ് മാപ്പ് പറയണമെന്നെല്ലാം പറഞ്ഞു വലിയ പ്രശ്‌നമുണ്ടായി
അന്ന് എല്ലാവരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഒരു തൂണിന്റെ അപ്പുറത്തുകൂടെ മമ്മൂട്ടി വന്നിട്ട് പറഞ്ഞു, ‘മാപ്പ് പറഞ്ഞ് തീര്‍ക്കാന്‍ പറ്റുമെങ്കില്‍ ഈ പ്രശ്‌നം തീര്‍ക്കണെ ചേച്ചി. വേറൊന്നും കൊണ്ടല്ല ഇത് നീട്ടികൊണ്ട് പോകണം, ആ കാരണം കൊണ്ട് പൃഥ്വിരാജ് സിനിമയില്‍ നിന്നും വിട്ട് നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരും ഇതിനകത്തുണ്ട്’ എന്ന്. ഞങ്ങള്‍ക്ക് വേണ്ടപ്പെട്ട അത്രയും നടി നടന്‍മാര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ മമ്മൂട്ടിക്ക് ഞങ്ങളോട് അത് പറയണം എന്ന് തോന്നിയത് പൃഥ്വിരാജ് സുകുമാരന്‍ ചേട്ടന്റെ മകനായതുകൊണ്ടാണ്.
അവര്‍ തമ്മില്‍ അത്രയും ആത്മബന്ധമുണ്ട്. സുകുവേട്ടന്‍ മമ്മൂട്ടിയെ വെച്ചൊരു പടം എടുത്തിരുന്നു. അപ്പോള്‍ അതിന്റെ കഥ പറയാനും മറ്റുമായി എറണാകുളത്തേക്ക് വന്നു. എന്നിട്ട് മമ്മൂട്ടിയെ വിളിച്ചപ്പോള്‍ എന്തിനാ ഇവിടെ വരെ വന്ന് ബുദ്ധിമുട്ടുന്നേ നിങ്ങള്‍ ഉള്ളിടത്തേക്ക് ഞാന്‍ വരാമെന്ന് പറഞ്ഞ് അദ്ദേഹം ഹോട്ടലിലേക്ക് വന്ന് സുകുവേട്ടനുമായി സംസാരിച്ചു. എന്തൊക്കെ പറഞ്ഞാലും ശരി അന്ന് മുതല്‍ ഇന്ന് വരെ എല്ലാ മര്യാദകളും അതുപോലെ പാലിക്കുന്ന ഒരാളാണ് അദ്ദേഹം,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika sukumaran Talks About Mammootty