അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ സിനിമയാണ് ഗോള്‍ഡ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. സിനിമയില്‍ പൃഥ്വിരാജിന്റെ അമ്മവേഷത്തിലാണ് മല്ലിക സുകുമാരന്‍ എത്തുന്നത്. ഗോള്‍ഡ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മല്ലിക. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘രാജു വല്ലപ്പോഴും ഒക്കെ ഒരു ഡാന്‍സ് കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഞാന്‍ അവനോട് ചിലപ്പോള്‍ അത് പറയാറുമുണ്ട്. ഈ ആക്ഷന്‍ പടമൊക്കെ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഈ ഡാര്‍ക്ക് മൂവീസൊക്കെ ചെയ്യുമ്പോള്‍ അതിന്റെ ഇടയില്‍ ഇങ്ങനത്തെ ചില സിനിമകള്‍ ചെയ്യുന്നത് നല്ലതാണ്. ഇതൊന്നും മറന്നില്ലല്ലോ എന്ന തോന്നല്‍ നമുക്കും വരും.
ഇപ്പോഴും ഇതൊക്കെ കയ്യിലുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യാം. ഒന്നാമത്തെ കാര്യം പല പല വേഷങ്ങളൊക്കയിട്ട് നല്ലൊരു ഡാന്‍സ് കളിക്കുന്ന രാജുവിന്റെ പഴയൊരു സ്റ്റൈലുണ്ടല്ലോ. പാട്ടിന് പാട്ട് ഡാന്‍സിന് ഡാന്‍സ് ആങ്ങനെയുള്ള സിമ്പിളായ ഒരു ചെറുപ്പക്കാരന്‍ അതാണ് ഈ സിനിമയില്‍ രാജു. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
രാജുവിന് ഇന്ന തരത്തിലുള്ള സിനിമ തന്നെ ചെയ്യണം എന്ന ആഗ്രഹം ഒന്നുമില്ല. എന്നാല്‍ വ്യത്യസ്തമാര്‍ന്ന പടം ചെയ്യാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. ഒരേ ട്രാക്കിലൂടെയുള്ള സിനിമ ചെയ്യാതെ, വ്യത്യസാതമാര്‍ന്ന സിനിമകള്‍ വരുമ്പോള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഇതൊക്കെ ഞാന്‍ ശ്രദ്ധിച്ചപ്പോല്‍ മനസിലാക്കിയ കാര്യമാണ്. അല്ലാതെ ഞങ്ങളാരും അവനോട് ചോദിച്ചിട്ടില്ല.
രാജു സിനിമകള്‍ തെരഞ്ഞെടുക്കുന്ന രീതി കാണുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ. അവന്‍ വ്യത്യസ്തത ആഗ്രഹിക്കുന്നയാളാണ് എന്ന്. ഒരു സിനിമ കഴിഞ്ഞാല്‍ അതിനോട് താരതമ്യം ചെയ്യാന്‍ പറ്റാത്ത തരത്തിലായിരിക്കണം അടുത്ത സിനിമ. ആ രീതിയിലാണ് പൃഥ്വി പടങ്ങള്‍ തെരഞ്ഞെടുക്കുന്നത്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഗോള്‍ഡുമായി വരുന്നത്. ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമ സ്വീകരിച്ചത്. എന്നാല്‍ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയിലെ താരങ്ങളുടെ ബാഹുല്യവും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ സിനിമ അമ്പത് കോടി ക്ലബ്ബില്‍ കയറി എന്ന തരത്തിലുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ സിനിമയുടെ നിര്‍മാതാവ് കൂടിയായ സുപ്രിയ മേനോന്‍ ആ വാര്‍ത്ത നിഷേധിച്ചു.
content highlight: mallika sukumaran talks about his son prithviraj