| Saturday, 31st August 2024, 7:24 pm

അമ്മയിലെ വിലക്ക്; ഇന്നത്തെ പേരുകളിലുള്ള രണ്ടുമൂന്നുപേര്‍ അന്ന് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ചു: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’ക്ക് എതിരെ നിരവധി വിമര്‍ശങ്ങള്‍ വന്നിരുന്നു. ഇനി സംഘടനയുടെ നേതൃസ്ഥാനത്തേക്ക് പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ വരണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഒരിക്കല്‍ ‘അമ്മ’യില്‍ നിന്ന് സുകുമാരനും പൃഥ്വിരാജിനും നേരിട്ട വിലക്കിനെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക.

‘സുകുവേട്ടനും അമ്മയില്‍ നിന്ന് ഒരു വിലക്ക് നേരിട്ട ആളാണ്. അതാണ് ഏറ്റവും ചിരി തോന്നുന്ന കാര്യം. എന്തിനാണ് വിലക്കിയതെന്ന് ചോദിച്ചാല്‍, അമ്മയുടെ ബൈലോ ശരിയല്ലയെന്ന് സുകുവേട്ടന്‍ പ്രസംഗിച്ചു. അതിന് പിന്നാലെയാണ് അദ്ദേഹത്തെ വിലക്കിയത്.

പൃഥ്വിയെയും അവര്‍ വിലക്കിയിട്ടുണ്ട്. നുണ പറയാന്‍ ഞാനില്ല. പൃഥ്വിയെയും അമ്മ വിലക്കിയിട്ടുണ്ട്. ഇന്നത്തെ പേരുകളില്‍ ഉള്ള രണ്ടു മൂന്നുപേര്‍ വളരെ പ്രബലമായ രീതിയില്‍ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.

ഒരു പടവുമില്ലാതെ രണ്ട് പടം മാത്രം അഭിനയിച്ച ചെറുപ്പക്കാരന്‍, ഓസ്‌ട്രേലിയയിലെ പഠിത്തം നിര്‍ത്തി രണ്ടു വര്‍ഷം എനിക്ക് വരാന്‍ പറ്റില്ലെന്നൊക്കെ എഴുതി അയച്ച് വീട്ടിലിരിക്കുകയാണ്. ആ ചെറുപ്പക്കാരന്‍ കിട്ടിയ പടം വേണ്ടെന്ന് വെയ്ക്കണമത്രേ. വിനയന്‍ സാറിന്റെ പടമായിരുന്നു അത്. പക്ഷെ അവന്‍ ആ സിനിമയില്‍ അഭിനയിച്ചു. അതായിരുന്നു രാജു ചെയ്ത തെറ്റ്.

സുകുവേട്ടന്റെ കാര്യം എനിക്ക് ശരിക്കും ചിരി വന്നു. ‘ബൈലോ ശരിയല്ല, നിങ്ങള്‍ ഇതൊക്കെ തിരുത്തി എഴുതണം. ഒരുപാട് പ്രശ്‌നങ്ങള്‍ വരും’ എന്നൊക്കെ അല്‍പ സ്വല്‍പം നിയമം അറിയാവുന്ന മനുഷ്യനായത് കൊണ്ട് പറഞ്ഞതാണ്. അതിനാണ് വിലക്ക്. ഇങ്ങനെയൊക്കെ വിലക്കിയ ഒരു സംഘടനയാണ് അമ്മ. അദ്ദേഹത്തിന്റെ മരണശേഷം ആരോ എന്നോട് ബൈലോ മാറ്റിയ കാര്യം പറഞ്ഞിരുന്നു. അതൊന്നും എനിക്ക് അറിയില്ല,’ മല്ലിക സുകുമാരന്‍ പറഞ്ഞു.


Content Highlight: Mallika Sukumaran Talks About Amma Association And Prithviraj Sukumaran

We use cookies to give you the best possible experience. Learn more