സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും കാസ്റ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.
അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവും ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഭാഗത്തില്‍ മികച്ച കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. താരത്തിന്റെ ബാക്കി സീനുകള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ഷൂട്ട് ചെയ്യുകയും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നെടുമുടി വേണുവിനെ പുനഃസൃഷ്ടിച്ചതും വാർത്തയായിരുന്നു.
ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടി മല്ലിക സുകുമാരൻ. ഇന്ത്യൻ 2വിന്റെ ടീസർ കണ്ടപ്പോൾ തനിക്ക് കമൽ ഹാസനോട് ബഹുമാനം തോന്നിയെന്നും ടീസറിൽ നെടുമുടി വേണുവിനെയും വിവേകിനെയുമെല്ലാം കണ്ടപ്പോൾ തനിക്ക് വലിയ സന്തോഷം തോന്നിയെന്നും മല്ലിക സുകുമാരൻ പറയുന്നു. നെടുമുടി വേണുവിന്റെ മരണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഈ അടുത്തകാലത്ത് നിങ്ങൾ എല്ലാവരും ഇന്ത്യൻ 2വിന്റെ ടീസർ കണ്ടിട്ടുണ്ടാവും. കമൽ ഹാസൻ സാറിന്റെ ഇന്ത്യൻ 2. അതിന്റെ ടീസർ കണ്ടപ്പോൾ എനിക്ക് കമൽ സാറോട് വലിയ ബഹുമാനം തോന്നി.
സത്യത്തിൽ ഞാൻ കമൽ സാർ എന്ന് പറയുന്നത് അങ്ങേയറ്റത്തെ ബഹുമാനത്തോടെയാണ്. ഞാൻ അദ്ദേഹത്തിലെ കലാകാരനെ ബഹുമാനിക്കുന്നുണ്ട്. ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചവരാണ്, ഏതാണ്ട് ഒരേ പ്രായം തന്നെയാണ്.
അതുകണ്ടപ്പോൾ ഞാൻ അതിൽ നെടുമുടി വേണു ചേട്ടനെ ശ്രദ്ധിച്ചു. അതിന്റെ ടെക്നോളജിയെ കുറിച്ചെല്ലാം പിന്നീടാണ് ഞാൻ ആലോചിച്ചത്, മനസിലാക്കുന്നത്. നെടുമുടി വേണു ചേട്ടനെയൊക്കെ വീണ്ടും സ്‌ക്രീനിൽ കാണുമ്പോൾ നമുക്കൊരു ആനന്ദമാണ്. അതുപോലെ വിവേക് അഭിനയിക്കുന്നതൊക്കെ കാണുമ്പോൾ നമുക്കൊരു സന്തോഷമാണ്.
ഇങ്ങനെ എത്ര സിനിമകളിൽ നെടുമുടി ചേട്ടനെ ഉൾപ്പെടുത്താൻ പറ്റും. അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങളില്ല. കോമഡിയാണെങ്കിലും സീരിയസ് ആണെങ്കിലും അദ്ദേഹം ഭംഗിയായി ചെയ്യും. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു കലക്കാരനാണ് അദ്ദേഹം. നെടുമുടി വേണു ചേട്ടന്റെ മരണമൊക്കെ മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടമാണ്,’മല്ലിക സുകുമാരൻ പറയുന്നു.
Content Highlight: Mallika Sukumaran Talk About Indian 2 Movie