| Wednesday, 16th October 2024, 3:35 pm

സുകുവേട്ടന്റെ സ്വഭാവം അതുപോലെ കിട്ടിയ മലയാളനടന്‍ അദ്ദേഹമാണ്: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത മല്ലിക ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു. മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. മമ്മൂട്ടിക്ക് സുകുമാരന്റെ അതേ സ്വഭാവമാണുള്ളതെന്ന് മല്ലിക പറഞ്ഞു.

ഇക്കാര്യം താന്‍ പല അഭിമുഖങ്ങളും പറയാറുണ്ടെന്നും രണ്ട് നടന്മാരെയും അടുത്തറിഞ്ഞതുകൊണ്ടാണ് ഇത് പറയുന്നതെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏറ്റവും കംഫര്‍ട്ടായിട്ടുള്ളവരുടെ അടുത്ത് മാത്രമേ സുകുമാരനും മമ്മൂട്ടിയും ഓപ്പണായി സംസാരിക്കാറുള്ളൂവെന്നും മല്ലിക പറഞ്ഞു. സുകുമാരന്‍ ഒരിക്കലും ഒരു പൊതുവേദിയില്‍ ഇരിക്കുമ്പോള്‍ തമാശകള്‍ അധികം പറയാറില്ലെന്നും ആര്‍ക്കെങ്കിലും ഇഷ്ടമാകാതിരിക്കുമോ എന്ന ചിന്ത കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയും അതുപോലെയൊക്കെയാണെന്നും എന്നാല്‍ അദ്ദേഹം പറയുന്ന തമാശ കാരണം ആര്‍ക്കെങ്കിലും വേദനിച്ചു എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ തിരുത്തി മുന്നോട്ടുപോകുമെന്നും പലര്‍ക്കും അങ്ങനെയൊരു സ്വഭാവമില്ലെന്നും മല്ലിക പറഞ്ഞു. പൊതുവേദിയില്‍ സംസാരിക്കുന്ന സമയത്ത് ശ്രദ്ധിക്കണമെന്നും നാക്കുപിഴ വന്നാല്‍ എല്ലാരും തലങ്ങും വിലങ്ങും കുറ്റപ്പെടുത്തുമെന്ന് സുകുമാരന്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

‘സുകുവേട്ടന്‍ തമാശ ഒന്നും പറയാത്ത ആളൊന്നുമല്ല, നല്ല രീതിയില്‍ തമാശകള്‍ പറയും. പക്ഷേ അത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുറച്ച് ആളുകളുണ്ട്, അവരോടൊപ്പം ഇരിക്കുമ്പോള്‍ മാത്രമേ അങ്ങനെ തമാശകള്‍ പറയാറുള്ളൂ. ആ സ്വഭാവം അതുപോലെ കിട്ടിയ മറ്റൊരു നടനാണ് മമ്മൂട്ടി. അദ്ദേഹവും എപ്പോഴും ചിരിച്ച് കളിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പക്ഷേ, കാണുന്നവരോട് മൊത്തം അങ്ങനെയല്ല. ഏറ്റവും കമ്പനിയായിട്ടുള്ളവരുടെ കൂടെ ഇരിക്കുമ്പോള്‍ മമ്മൂട്ടി മനസറിഞ്ഞ് സംസാരിക്കും.

അതുപോലെ സുകുവേട്ടന്‍ ഒരിക്കലും പൊതുവേദിയില്‍ ഇരിക്കുമ്പോള്‍ തമാശകള്‍ പറയാില്ല. ആര്‍ക്കെങ്കിലും അത് വേദനയുണ്ടാക്കുമോ എന്ന പേടി നല്ലവണ്ണം ഉണ്ടായിരുന്നു. മമ്മൂട്ടിയോടും പുള്ളി ഇത് പറഞ്ഞിട്ടുണ്ട് ‘വലിയ വേദികളിലൊക്കെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം, എങ്ങാനും ഒരു നാക്കുപിഴ പറ്റിയാല്‍ എല്ലാം തീര്‍ന്നു’ എന്നാണ് സുകുവേട്ടന്‍ പറഞ്ഞത്.

മമ്മൂട്ടി ആ കാര്യം എപ്പോഴും ശ്രദ്ധിക്കുന്ന ആളാണ്. പുള്ളി പറയുന്ന കാര്യം ആരെയെങ്കിലും വേദനിപ്പിച്ചു എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ തിരുത്തും. ആ ഒരു ക്വാളിറ്റി അധികം ആളുകള്‍ക്ക് ഉണ്ടാകാറില്ല,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

Content Highlight: Mallika Sukumaran shares the similarities between Sukumaran and Mammootty

We use cookies to give you the best possible experience. Learn more