| Sunday, 20th November 2022, 8:39 pm

തൊട്ടുമുമ്പിലിരിക്കുന്ന വെള്ളം പോലും സ്വയം എടുത്ത് കുടിക്കാത്ത ആളായിരുന്നു രാജു; എന്നാല്‍ ആ രണ്ട് വര്‍ഷം കൊണ്ട് എല്ലാം മാറി: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും സംവിധായകനും നിര്‍മാതാവുമായി തിളങ്ങി നില്‍ക്കുന്ന പൃഥ്വിരാജിനെ കുറിച്ചുള്ള രസകരമായ ചില കുട്ടിക്കാല ഓര്‍മകള്‍ പങ്കുവെക്കുകയാണ് അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.

ഓസ്‌ട്രേലിയയിലെ രണ്ട് വര്‍ഷം നീണ്ട പഠനകാലമാണ് പൃഥ്വിരാജിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. രണ്ടാമത്തെ കുട്ടിയായതുകൊണ്ട് തന്നെ വളരെ ലാളിച്ചാണ് വളര്‍ത്തിയതെന്നും സ്വന്തമായി ഒന്നും ചെയ്യാത്ത ആളായിരുന്നു മകനെന്നുമാണ് മല്ലിക പറയുന്നത്.

ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാന്‍സ്മാനിയയിലായിരുന്നു പൃഥ്വിരാജ് ബിരുദപഠനം നടത്തിയത്. ഓസ്‌ട്രേലിയയില്‍ രണ്ട് വര്‍ഷത്തോളം താമസിച്ച് പഠിച്ചതിന് ശേഷമായിരുന്നു കോഴ്‌സിനിടയില്‍ വെച്ച് ആദ്യ ചിത്രമായ നന്ദനത്തില്‍ അഭിനയിക്കാനായി പൃഥ്വിരാജ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് താരം പഠനം പൂര്‍ത്തിയാക്കിയില്ല.

പക്ഷെ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കിലും ഓസ്‌ട്രേലിയയില്‍ ചിലവഴിച്ച രണ്ട് വര്‍ഷങ്ങള്‍ നടന്റെ ജീവിതത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ആ രണ്ട് വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ താമസത്തിലാണ് രാജു ഭയങ്കരമായി മാറിയത്. ആരെയും ഡിപ്പെന്‍ഡ് ചെയ്യാതെ തനിയെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ പഠിച്ചു തുടങ്ങിയത് അവിടെ നിന്നാണ്.

അല്ലെങ്കില്‍ ഇവിടെ ഇരുന്നുകൊണ്ട് തൊട്ടുമുമ്പിലെ മേശയില്‍ ഇരിക്കുന്ന വെള്ളം എടുക്കാതെ, അവിടെ ഇരിക്കുന്ന പച്ചവെള്ളം എടുത്തു തരോ അമ്മേ എന്ന് ചോദിക്കുന്ന ആളായിരുന്നു. അത് നമ്മള്‍ എടുത്ത് ഒഴിച്ചു കൊടുക്കണമായിരുന്നു.

എന്നാല്‍ അവിടേക്ക് ചെന്നപ്പോള്‍ കാര്യങ്ങളൊക്കെ മാറി. ഞാന്‍ അവനോട് ഇടക്ക് എന്താ നീ ഉണ്ടാക്കി കഴിച്ചതെന്ന് ചോദിക്കും. ഒരിക്കല്‍ അവന്‍ ചിക്കന്‍ എന്ന് മറുപടി പറഞ്ഞു. എന്തോന്ന് എന്ന് ഞാന്‍ അത്ഭുത്തോടെ തിരിച്ചു ചോദിച്ചു.

അപ്പോള്‍ അവന്‍ എനിക്ക് ചിക്കന്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു. ഒന്നുമില്ലമ്മേ..ചിക്കനിട്ടിട്ടേ, രണ്ട് മൂന്ന് പൊടിയങ്ങ് ഇട്ടിട്ടേ കുറച്ച് തക്കാളി മുറിച്ചിടണം കറിയായി, എന്നൊക്കെ അന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

അതൊക്കെ രാജുവിന് ഓര്‍മയുണ്ടാകും. അവന് അങ്ങനെ മറവിയൊന്നുമില്ല. രാജു അങ്ങനെയൊക്കെ ജീവിച്ചു എന്ന് അറിയുന്നത് തന്നെ എനിക്ക് വലിയ അത്ഭുതമാണ്. കാരണം രണ്ടാമത്തെ ആളായതുകൊണ്ട് കൂടുതല്‍ കൊഞ്ചിച്ചാണ് ഞങ്ങള്‍ അവനെ കൊണ്ടുനടന്നത്.

പക്ഷെ ഓസ്‌ട്രേലിയയിലെത്തിയതോടെ അവന്‍ എല്ലാം സ്വയം ചെയ്യാനും ആ രീതിയില്‍ ജീവിക്കാനും പഠിച്ചു. അന്നത്തെ സുഹൃത്തുക്കളുമായി അവന് ഇപ്പോഴും ബന്ധമുണ്ട്. ഫോണ്‍ വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. കൃഷ്ണകുമാര്‍ എന്ന് പറയുന്ന ഒരാളൊക്കെ ഇപ്പോഴും വലിയ കൂട്ടുകാരനാണ്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

Content Highlight: Mallika Sukumaran shares Prithviraj’s funny childhood experience

Latest Stories

We use cookies to give you the best possible experience. Learn more