'പുതിയ തലമുറ കാരവനില്‍ ഇരിക്കുകയല്ലേ; നസീര്‍ സാറിന്റെ ഭാര്യ കൊടുത്തുവിടുന്ന അഞ്ചു വിരല്‍പ്പാടുള്ള കൊഴുക്കട്ട പങ്കുവെച്ച് കഴിച്ച കാലമുണ്ടായിരുന്നു'
സിനിമയിലെ പുതിയ തലമുറയുടെ എല്ലാ കാര്യത്തോടും യോജിക്കാൻ പറ്റില്ലെന്ന് നടി മല്ലിക സുകുമാരൻ. ഇപ്പോഴുള്ള ആളുകൾക്ക് ബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകാനുള്ള ശ്രമങ്ങൾ ഒന്നുമില്ലെന്ന് മല്ലിക പറഞ്ഞു. ഇപ്പോൾ എല്ലാവരും കൂട്ടുകുടുംബം മാറി അണു കുടുംബം പോലെ ഒരു കരവാനിലാണ് ഇരിക്കുകയെന്നും മല്ലിക കൂട്ടിച്ചേർത്തു.
പണ്ടെല്ലാം തങ്ങൾ മരത്തിന്റെ ചുറ്റുമിരുന്ന് ഒരുമിച്ചാണ് ഭക്ഷണം കഴിക്കുകയെന്നും മല്ലിക പറയുന്നുണ്ട്. പഴയപോലെയുള്ള ബന്ധങ്ങൾക്കുള്ള ദൃഢത കുറഞ്ഞുപോയ സങ്കടം തനിക്കുണ്ടെന്നും മല്ലിക മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ പറഞ്ഞു.
‘പക്ഷേ എനിക്ക് ചില കാര്യങ്ങളിൽ പുതിയ തലമുറയോട് യോജിക്കാൻ പറ്റില്ല. ഇപ്പോൾ എല്ലാവരും കൂട്ടുകുടുംബം മാറി അണു കുടുംബം പോലെ ഒരു കാരവനിൽ ഇരിക്കുകയാണ്. അതിശയോക്തി പറഞ്ഞതല്ല. നസീർ സാറിന്റെ വീട്ടിൽ നിന്ന് 6 മണിക്ക് ടിഫിൻ വരുമ്പോൾ നീണ്ട കൊഴുക്കട്ടയിൽ ഭാര്യയുടെ അഞ്ചു വിരലുകൾ കാണും.
ആകെ വരുന്നത് പത്തെണ്ണവും ഞങ്ങൾ 15 പേരും ഉണ്ടാവും. പാവം സാർ അതിൽ നിന്നും മുറിച്ച് ഞങ്ങൾക്ക് തന്നിട്ട് ബാക്കി ഉള്ളത് അദ്ദേഹം കഴിക്കും. ഞങ്ങളെല്ലാവരും മരച്ചുവട്ടിൽ ആണ് ഇരിക്കുക. ഇപ്പോൾ അങ്ങനെയൊന്നും നോക്കണ്ട. ഇപ്പോൾ എല്ലാവരും അവരവരുടെ കാരവനിൽ ഒതുങ്ങി. അഭിനയിക്കാൻ വരുമ്പോൾ തമാശയും ചിരിയും ഉണ്ടെങ്കിലും ഒരു കമ്പനി അടിക്കുകയോ, ബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകാനുള്ള ഒരു ശ്രമങ്ങളോ ഒന്നും ഇല്ല. ഇപ്പോൾ ഈ പടം അടുത്ത പടത്തിന് അടുത്ത് നിർമ്മാതാവ് വിളിക്കും.
ഔട്ട്ഡോർ ഷൂട്ടിന് പോകുമ്പോൾ 4 ഫീമെയിൽ ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും വിളിക്കും. നീ എന്ത് കൊണ്ട് വരും, അച്ചാർ കൊണ്ടുവരുമോ, എന്നാൽ ഞാൻ ഉണ്ണിയപ്പം കൊണ്ടുവരാം എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. ഇപ്പോൾ അങ്ങനെയൊക്കെ പറഞ്ഞാൽ നമുക്ക് ചീത്ത വിളി കേൾക്കും. മിണ്ടാതെ പോകുക എന്നുള്ളതാണ്. അങ്ങനെയുള്ള ഒരുപാട് മാറ്റങ്ങൾ വന്നു. പഴയപോലെ ബന്ധങ്ങൾക്കുള്ള ദൃഢത കുറഞ്ഞുപോയതിൽ എനിക്ക് സങ്കടമുണ്ട്,’ മല്ലിക സുകുമാരൻ പറഞ്ഞു.
Content Highlight: Mallika sukumaran shares old memories