അത്രകാലം ചെയ്യാതിരുന്ന ഒരു കാര്യം സുകുവേട്ടന്‍ പൃഥ്വിയുടെ നൂലുകെട്ടിന് ചെയ്തു; അനുഭവം ഓര്‍ത്തെടുത്ത് മല്ലിക സുകുമാരന്‍
Entertainment news
അത്രകാലം ചെയ്യാതിരുന്ന ഒരു കാര്യം സുകുവേട്ടന്‍ പൃഥ്വിയുടെ നൂലുകെട്ടിന് ചെയ്തു; അനുഭവം ഓര്‍ത്തെടുത്ത് മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th July 2021, 9:21 am

നടന്‍ സുകുമാരനുമൊത്തുള്ള അനുഭവം ഓര്‍ത്തുപറയുകയാണ് നടിയും ഭാര്യയുമായ മല്ലിക സുകുമാരന്‍. ജീവിതത്തില്‍ ഒരിക്കലും ചെയ്യാതിരുന്ന ഒരു കാര്യം പൃഥ്വിരാജിന്റെ നൂലുകെട്ട് ദിവസം സുകുമാരന്‍ ചെയ്തതിനെക്കുറിച്ചാണ് മല്ലിക പറയുന്നത്.

‘സുകുവേട്ടന്‍ അന്നുവരെ സ്വന്തം കൈകൊണ്ട് ഒരു സാരി വാങ്ങി കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല. എനിക്കോ മക്കള്‍ക്കോ എന്ത് വേണമെങ്കിലും വാങ്ങിക്കൊള്ളാന്‍ പറയും. പക്ഷേ സ്വന്തമായി വാങ്ങിക്കൊണ്ട് വരില്ല. പൃഥ്വിരാജിനെ പ്രസവിച്ച് കിടക്കുമ്പോള്‍ സുകുവേട്ടന് മദ്രാസിലാണ് ഷൂട്ടിംഗ്. പൃഥ്വിയുടെ നൂലുകെട്ട് ഇത്രാം തീയ്യതിയാണെന്ന് ഞാന്‍ വിളിച്ചു പറഞ്ഞു.

അന്ന് സുകുവേട്ടന്റെ വല്ല്യമ്മയുടെ മകനായ സത്യന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രസവിച്ച് കിടക്കുന്നത് കൊണ്ട് നൂലുകെട്ടിന് സാരി വാങ്ങാന്‍ പോവാന്‍ കഴിയാത്ത കാര്യം ഞാന്‍ സത്യനോട് പറഞ്ഞു. അതൊക്കെ ഞാന്‍ ഏറ്റുവെന്ന് സത്യന്‍ എന്നോട് പറഞ്ഞു.

അങ്ങനെ സുകുവേട്ടനോട് സത്യനാണ് കാര്യം പറഞ്ഞത്. ആദ്യമൊക്കെ എന്തോ പറഞ്ഞുവെങ്കിലും പിന്നീട് സുകുവേട്ടന്‍ തന്നെ പോയി രണ്ട് സാരി വാങ്ങി. നല്ലീസ് എന്ന് പറയുന്ന മദ്രാസിലെ പട്ടുസാരിക്കടയില്‍ നിന്നാണ് അന്ന് സുകുവേട്ടന്‍ രണ്ട് സാരി വാങ്ങി വന്നത്. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്,’ മല്ലിക പറയുന്നു.

പട്ടുസാരിക്കടയില്‍ ചെന്ന് കൂടുതലൊന്നും സെലക്ട് ചെയ്യാന്‍ സുകുവേട്ടന്‍ നിന്നില്ലെന്നും ആദ്യം കണ്ട ആറ് സാരിയില്‍ നിന്ന് രണ്ട് സാരി വാങ്ങുകയായിരുന്നുവെന്നും സുകുമാരി പറഞ്ഞു.

‘ചേച്ചീ ഒരത്ഭുതം നടന്നു, സുകുവേട്ടന്‍ രണ്ട് സാരി വാങ്ങി എന്നാണ് സത്യന്‍ എന്നോട് പറഞ്ഞത്. ഞാനും അന്നേരം അത്ഭുതപ്പെട്ടു. എന്തായാലും കൊണ്ടുവന്ന സാരി എനിക്ക് ഇഷ്ടമായി. സുകുവേട്ടന്‍ എപ്പോഴും ഗൗരവത്തില്‍ നടക്കുന്ന ഒരാളാണ്. സ്‌നേഹം കാട്ടാനുള്ളതല്ല, മനസ്സില്‍ ഉണ്ടാവേണ്ടതാണെന്നാണ് അദ്ദേഹം എപ്പോഴും പറയുന്നത്,’ മല്ലിക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mallika Sukumaran shares experience about Sukumaran