| Sunday, 9th October 2022, 8:00 am

പോട്ടമ്മേ അവന്‍ കൊച്ചുകുട്ടിയല്ലേ എന്ന് പറഞ്ഞ് ഇന്ദ്രന്‍ രാജൂന്റെ സൈഡ് പറയും, ഞങ്ങള്‍ രാജൂനെ വഴക്ക് പറഞ്ഞാലും ഇന്ദ്രന്‍ പറയില്ല: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരസഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്പം മുതലുള്ള ഇരുവരുടെയും സ്‌നേഹബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. ചെറുപ്പത്തില്‍ പൃഥ്വിരാജിനെ വഴക്ക് പറയുമ്പോള്‍ ഇന്ദ്രജിത്ത് സൈഡ് പിടിക്കുന്നതും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പങ്കുവെച്ചു.

‘പണ്ട് ഇഷ്ടംപോലെ വഴക്കുണ്ടായിട്ടുണ്ട്. ഇന്ദ്രനാണ് പാവം. എട്ടൊമ്പത് വയസുവരെ ഇന്ദ്രന് ആരെങ്കിലും ഒരു കളിപ്പാട്ടം കൊണ്ടുകൊടുത്താല്‍ മറ്റവന്‍ എടുത്ത് മറിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് കളയും. അപ്പോള്‍ ഞാന്‍ വഴക്ക് പറയും, എന്തിനാടാ നീ അതെടുത്ത് ചീത്തയാക്കുന്നേന്ന്. അപ്പോള്‍ ഇന്ദ്രന്‍ പഴയ തറവാട്ടിലെ കാരണവന്മാരെ പോലെ പോട്ടമ്മേ, അവന്‍ കൊച്ചുകുട്ടിയല്ലേ എന്ന് രാജൂന്റെ സൈഡ് പറയും.

നമ്മള്‍ അവനെ വഴക്ക് പറയും. പക്ഷേ ഇന്ദ്രന്‍ പറയില്ല. ആ ഒരു സ്‌നേഹബന്ധം ഇപ്പോഴുമുണ്ട്. അവര്‍ തമ്മിലെല്ലാം കമ്യൂണിക്കേറ്റ് ചെയ്യും. അതങ്ങനെ നിക്കട്ടെ, എനിക്കത് വേണം. അതൊന്നും ഒരുപക്ഷേ അമ്മയും അറിയുന്നുണ്ടാവില്ല, ഭാര്യമാരും അറിയുന്നുണ്ടാവില്ല. ചേട്ടന് ഒരാവശ്യം ഉണ്ടെങ്കില്‍ അവനും നിക്കും, അവനൊരു ആവശ്യമുണ്ടെങ്കില്‍ ചേട്ടനും നിക്കും,’ മല്ലിക പറഞ്ഞു.

‘പിറന്നാളും ഓണവുമൊക്കെ വരുമ്പോള്‍ എനിക്കിഷ്ടമുള്ളത് എന്താണെന്ന് വെച്ചാല്‍ മക്കള്‍ രണ്ട് പേരും വാങ്ങി നല്‍കും. അമ്മേ വേറെ വെല്ലതും വേണോയെന്ന് ചോദിക്കും. നിസാരകാര്യങ്ങളൊന്നുമല്ല തരാറുള്ളത്. എന്നാല്‍ ഇതൊന്നുമല്ല ഞാന്‍ ഗിഫ്റ്റായി കണക്കാക്കുന്നത്. എനിക്ക് ഒരു വിഷമമുണ്ടായാല്‍, എന്റെ കണ്ണൊന്ന് നിറഞ്ഞാല്‍ ഈ കാണുന്ന വീരശൂരപരാക്രമികള്‍ അപ്പോള്‍ അവിടുണ്ടാവും.

ഇന്ദ്രന്‍ ഇടക്ക് സുകുവേട്ടനെ അനുകരിച്ചുള്ള വീഡിയോയും അയക്കും. മല്ലികേ എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചോണ്ട്. അവന്‍ നന്നായി സുകുവേട്ടനെ കാണിക്കും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Mallika sukumaran shared how Indrajith took sides with Prithviraj when he was younger

We use cookies to give you the best possible experience. Learn more