നമ്മുടെ ചെക്കന് ഭ്രാന്ത് പോലെയുണ്ടോയെന്ന് ചോദിക്കുന്നത് എത്ര നേരം കേട്ടോണ്ടിരിക്കും; സുകുമാരന്‍ പ്രിന്‍സിപ്പലിന് കൊടുത്ത മറുപടിയെ പറ്റി മല്ലിക സുകുമാരന്‍
Film News
നമ്മുടെ ചെക്കന് ഭ്രാന്ത് പോലെയുണ്ടോയെന്ന് ചോദിക്കുന്നത് എത്ര നേരം കേട്ടോണ്ടിരിക്കും; സുകുമാരന്‍ പ്രിന്‍സിപ്പലിന് കൊടുത്ത മറുപടിയെ പറ്റി മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th October 2022, 11:41 pm

പൃഥ്വിരാജിന് ചെറുപ്പത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ശീലമുണ്ടായിരുന്നുവെന്ന് മല്ലിക സുകുമാരന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ പൃഥ്വിരാജിന്റെ കവിത കണ്ട് പ്രിന്‍സിപ്പല്‍ സ്‌കൂളിലേക്ക് വിളിച്ച അനുഭവം മല്ലിക സുകുമാരന്‍ പങ്കുവെച്ചത്.

‘രാജു ഒരു കവിതയെഴുതി. രണ്ട് സഹോദരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നു, ഒരു റെയില്‍വേ ട്രാക്കിലൂടെ ഇവര്‍ നടന്നുപോവുകയാണ്. കവിതയുടെ അവസാനം സഹോദരന്മാര്‍ മരിക്കുകയാണ്. അതുകഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂളില്‍ നിന്നും ഫോണ്‍ വന്നു. പ്രിന്‍സിപ്പിലിന് പേരന്റ്‌സിനെ കണ്ടാല്‍ കൊള്ളാമെന്ന് പറയുന്നു.

അവിടെ ചെന്നപ്പോള്‍, രാജുവിന്റെ ഒരു കവിത ഉണ്ട്, അത് ഞങ്ങള്‍ പബ്ലിഷ് ചെയ്യുന്നുണ്ട്, സാര്‍ ഇതൊന്നു വായിച്ച് നോക്കണമെന്ന് അവര്‍ പറഞ്ഞു. സുകുവേട്ടന് വായിച്ചുനോക്കിയിട്ട് ഇതിനെന്താ കുഴപ്പമെന്ന് ചോദിച്ചു. അല്ല സാര്‍, പൃഥ്വിക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ, മെന്റല്‍ ടെന്‍ഷനോ, മാനസികമായി എന്തെങ്കിലും വെല്ലോമുണ്ടോയെന്ന് അവര്‍ ചോദിച്ചു. നമ്മുടെ കൊച്ചന് ഭ്രാന്ത് പോലെയുണ്ടല്ലോയെന്നും മെന്റല്‍ പ്രോബ്ലമുണ്ടോയെന്നും ചോദിക്കുന്നത് എത്ര നേരം കേട്ടോണ്ടിരിക്കും. അവര്‍ സ്‌നേഹം കൊണ്ട് ചോദിക്കുന്നതാണ്.

സാര്‍ ഒന്ന് വിളിച്ച് സംസാരിക്കണമെന്നൊക്കെ അവര്‍ പറഞ്ഞു. അതുവേണേല്‍ ഞാന്‍ ചെയ്യാം, പക്ഷേ അവനെപ്പോഴും അങ്ങനത്തെ വ്യത്യസ്തമായ ചിന്തകള്‍ സംസാരിക്കുകയും എഴുതുകയും പ്രസംഗിക്കുമ്പോഴുമൊക്കെയുള്ളതാണെന്ന് സുകുവേട്ടന്‍ പറഞ്ഞു,’ മല്ലിക പറഞ്ഞു.

‘പിറന്നാളും ഓണവുമൊക്കെ വരുമ്പോള്‍ എനിക്കിഷ്ടമുള്ളത് എന്താണെന്ന് വെച്ചാല്‍ മക്കള്‍ രണ്ട് പേരും വാങ്ങി നല്‍കും. അമ്മേ വേറെ വെല്ലതും വേണോയെന്ന് ചോദിക്കും. നിസാരകാര്യങ്ങളൊന്നുമല്ല തരാറുള്ളത്. എന്നാല്‍ ഇതൊന്നുമല്ല ഞാന്‍ ഗിഫ്റ്റായി കണക്കാക്കുന്നത്. എനിക്ക് ഒരു വിഷമമുണ്ടായാല്‍, എന്റെ കണ്ണൊന്ന് നിറഞ്ഞാല്‍ ഈ കാണുന്ന വീരശൂരപരാക്രമികള്‍ അപ്പോള്‍ അവിടുണ്ടാവും.

ഇന്ദ്രന്‍ ഇടക്ക് സുകുവേട്ടനെ അനുകരിച്ചുള്ള വീഡിയോയും അയക്കും. മല്ലികേ എന്താ പ്രശ്‌നം എന്നൊക്കെ ചോദിച്ചോണ്ട്. അവന്‍ നന്നായി സുകുവേട്ടനെ കാണിക്കും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Mallika Sukumaran says that Prithviraj had a habit of thinking differently from others even when he was young