സംഘടനയിലെ പലരും പൃഥ്വിയെ പുറത്താക്കാന്‍ നോക്കിയപ്പോള്‍ ആ നടന്‍ മാത്രമാണ് അതിനെ എതിര്‍ത്തത്: മല്ലിക സുകുമാരന്‍
Entertainment
സംഘടനയിലെ പലരും പൃഥ്വിയെ പുറത്താക്കാന്‍ നോക്കിയപ്പോള്‍ ആ നടന്‍ മാത്രമാണ് അതിനെ എതിര്‍ത്തത്: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th September 2024, 10:54 am

2003-2004 കാലഘട്ടത്തില്‍ താരസംഘടനയായ അമ്മ പൃഥ്വിരാജിനെ മലയാളസിനിമയില്‍ നിന്ന് വിലക്കിയിരുന്നു. പൃഥ്വിരാജ് നായകനാകുന്ന സിനിമയോട് സഹകരിക്കുന്നതില്‍ നിന്ന് പല താരങ്ങളും പിന്മാറിയ സമയമായിരുന്നു. പൃഥ്വിയുടെ അഭിപ്രായപ്രകടനങ്ങളില്‍ അസ്വസ്ഥരായതുകൊണ്ടാണ് സംഘടന പൃഥ്വിക്ക് വിലക്ക് കല്പിച്ചത്. അന്നത്തെ യോഗത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മല്ലിക സുകുമാരന്‍.

എന്നാല്‍ അന്നത്തെ യോഗത്തില്‍ പലരും പൃഥ്വിയെ പുറത്താക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്ത നടന്‍ മമ്മൂട്ടി മാത്രമായിരുന്നുവെന്ന് മല്ലിക പറഞ്ഞു. മമ്മൂട്ടിയുടെ സ്വഭാവം അതായിരുന്നുവെന്നും തനിക്ക് പറ്റാത്ത കാര്യം ആരുടെ മുന്നിലും തുറന്നടിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിനെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. സുകുമാരന്‍ തന്നോട് ഇക്കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. തന്നെപ്പോലെ ആരെയും കൂസാത്ത സ്വഭാവമാണ് മമ്മൂട്ടിയുടേതെന്ന് സുകുമാരന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

അന്നത്തെ യോഗത്തില്‍ പൃഥ്വിയെ പുറത്താക്കണമെന്ന് പലരും അഭിപ്രായപ്പെട്ടപ്പോള്‍ മമ്മൂട്ടി അതില്‍ ഇടപെടുകയും വേറെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കുകയും ചെയ്‌തെന്ന് മല്ലിക പറഞ്ഞു. പുറത്താക്കുകയൊന്നും വേണ്ടെന്നും പൃഥ്വി ഒരു സോറി പറഞ്ഞാല്‍ പ്രശ്‌നം തീരുമല്ലോ എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മല്ലിക.

‘സുകുമാരന്‍ ചേട്ടന്‍ പലപ്പോഴും പറയാറുണ്ട് ‘മമ്മൂട്ടി ശരിക്കും എന്നെപ്പോലെയാണ്’ എന്ന്. പറയേണ്ട കാര്യം ആരുടെ മുഖത്ത് നോക്കിയായാലും പറയുന്ന സ്വഭവമാണ് സുകുമാരന്‍ ചേട്ടന്റേത്. ഉള്ളില്‍ വെച്ചുകൊണ്ട് നടക്കുന്ന സ്വഭാവം പുള്ളിക്കില്ല. മമ്മൂട്ടിയും അതുപോലെയാണെന്ന് സുകുമാരന്‍ ചേട്ടന്‍ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണ് എനിക്ക് മനസിലായത്.

പൃഥ്വിയെ അമ്മ സംഘടന മലയാളത്തില്‍ വിലക്കിയ സമയമുണ്ടായിരുന്നു. പൃഥ്വി നായകനാകുന്ന സിനിമകളില്‍ ആരും അഭിനയിക്കരുതെന്ന് അവര്‍ പറഞ്ഞു. പൃഥ്വിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അന്നത്തെ വലിയ നടന്മാര്‍ അഭിപ്രായപ്പെട്ടു. അന്ന് അതിനെ എതിര്‍ത്ത് സംസാരിച്ച ഒരേയൊരു നടന്‍ മമ്മൂട്ടി മാത്രമായിരുന്നു.

‘പുറത്താക്കുകയൊന്നും വേണ്ട, സോറി പറഞ്ഞ് പ്രശ്‌നം തീര്‍ക്കാന്‍ നോക്ക്’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ആ പ്രശ്‌നം അതോടുകൂടി തീര്‍ന്നു. അതാണ് മമ്മൂട്ടി എന്ന നടന്‍. ആരുടെ മുന്നിലും പറയാനുള്ള കാര്യം പുള്ളി പറയും,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

Content Highlight: Mallika Sukumaran saying that Mammootty stood for Prithvi when he faced ban