തന്റെ പങ്കാളി സുകുമാരനെ കുറിച്ചും അദ്ദേഹം തനിക്കും മക്കള്‍ക്കും നല്‍കിയ സ്‌നേഹത്തെ കുറിച്ചും സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. സുകുമാരന്‍ തന്നെ അത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്നും മക്കള്‍ക്ക് വേണ്ട എല്ലാ തരത്തിലുമുള്ള ട്രെയ്‌നിങ്ങും കൊടുത്തിട്ടാണ് അദ്ദേഹം പോയതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
ജിഞ്ചര്‍ മീഡിയ എന്റെര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരന്‍ ഇക്കാര്യം പറഞ്ഞത്. എല്ലാ അഭിമുഖത്തിലും സുകുവേട്ടനെ കുറിച്ച് പറയുമ്പോള്‍ മല്ലിക വാചാലയാകാറുണ്ടല്ലോ, അതിന് കാരണമെന്താണ് എന്ന അവതാരകയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നടി.
‘അത്രയും സ്‌നേഹിച്ചതുകൊണ്ടാണ്. നമുക്ക് എന്ത് നഷ്ടപ്പെട്ടോ, ആ നഷ്ടം ഒരാള്‍ നികത്താന്‍ നമ്മളറിയാതെ ഒരാള്‍ നമ്മളിലേക്ക് വരികയും അത് സത്യസന്ധമാണെന്ന് നമ്മള്‍ മനസിലാക്കുകയും എന്റെ കണ്ണൊന്ന് നിറഞ്ഞാല്‍ ഉടനെ ഓടിയെത്തുന്ന മക്കളേം തന്ന ഒരു മനുഷ്യനെ നമ്മള്‍ പിന്നെ എങ്ങനെ ചിത്രീകരിക്കും. ഈശ്വരതുല്യനായിട്ടല്ലേ പറയാനൊക്കൂ.
എന്നെ സംബന്ധിച്ച് അതെ, എന്റെ എല്ലാ സൗഭാഗ്യങ്ങളും സുകുവേട്ടനിലൂടെ കിട്ടിയതാണ്. നമ്മള്‍ മനഃപൂര്‍വം പ്ലാന്‍ ചെയ്തതൊന്നുമല്ല. അതുകഴിഞ്ഞ് അദ്ദേഹത്തിന് തോന്നി ഇനി ഇവള്‍ കരയാന്‍ പാടില്ല, വിഷമിക്കാന്‍ പാടില്ല എന്നൊക്കെ.
മക്കളേയും അതുപോലെ തന്നെ, രണ്ട് പേര്‍ക്കും ഒരുപോലെ കൊടുക്കേണ്ട ട്രെയ്‌നിങ് എല്ലാം കൊടുത്തിട്ടുണ്ട്. വീട്ടില്‍ ലൈബ്രറിയുണ്ടാക്കി. ഞാന്‍ ചെയ്യേണ്ട പല ജോലികളും ഏറ്റെടുത്ത് ഒരുവിധം ഭംഗിയായി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം പോയത്. ഇന്ദ്രന്‍ ട്വല്‍ത്ത് കഴിയുമ്പോഴും, രാജു പത്ത് കഴിയുമ്പോഴും ആയിരുന്നത്. അത്ര കൊച്ചുകുട്ടികളായിരുന്നു അവര്‍.
പക്ഷേ, എനിക്ക് ആ മനോധൈര്യം പിന്നീടുണ്ടായത് സുകുവേട്ടന്റെ രീതികള്‍ കണ്ടിട്ടാണ്. ഇങ്ങനെ താടിക്ക് കയ്യും കൊടുത്ത് മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോള്‍ മക്കള്‍ പറയാന്‍ തുടങ്ങി എന്റമ്മേ ഇത് വല്ലാത്ത ഒരു മൂഡാണ് വീട്ടില്‍. സുകുവേട്ടന്‍ പണ്ട് പറഞ്ഞ ഒറ്റ കാര്യമുണ്ട്, പിള്ളേരെ എവിടെ കൊണ്ടുചെന്നിട്ടാലും നാല് കാലേല്‍ നില്‍ക്കണം, ആണ്‍പിള്ളേരാണ്. വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കരുത്. പിന്നെ എനിക്ക് അതായിരുന്നു വാശി.
മക്കളെ നന്നായി വളര്‍ത്തി, എല്ലാ സ്‌നേഹവും കൊടുത്തു. ഞാന്‍ അവരുടെ അമ്മ എന്നതിലുപരി ഒരു കൂട്ടുകാരിയായി മാറി. അതുകൊണ്ടല്ലേ രണ്ട് പേരും പെണ്ണുകെട്ടുന്നത് വരെ എന്നോട് വന്ന് പറഞ്ഞത്. ഇതിനെ കെട്ടി തരണേ അമ്മേ എന്ന് പറയാന്‍ ഒരു മടിയും ഇല്ലായിരുന്നല്ലോ,’ മല്ലിക പറഞ്ഞു.
സന്തോഷമാണ് മല്ലിക സുകുമാരന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മല്ലിക സുകുമാരന് പുറമെ അനു സിത്താര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലക്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Mallika Sukumaran about Sukumaran