കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹരിപ്പാട് ഒരു സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയെ കാണാന്‍ ജനങ്ങള്‍ തടിച്ചു കൂടിയത് വലിയ വാര്‍ത്തയായിരുന്നു. വന്‍ ഗതാഗത കുരുക്കിന് സംഭവം കാരണമായെങ്കിലും ബ്ലോക്കായ വഴി എത്രയും വേഗം പൂര്‍വസ്ഥിതിയിലേക്ക് മാറ്റാന്‍ മമ്മൂട്ടി ഇടപെട്ടിരുന്നു.
വഴി ബ്ലോക്ക് ആകുന്ന അത്ര ജനക്കൂട്ടത്തെ കണ്ട് പരിപാടി വേഗം നടത്തി താന്‍ പോകാമെന്നും, അത്യാവശ്യക്കാരുടെ വഴി മുടക്കുന്നത് ശരിയല്ലലോ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
ഇപ്പോഴിതാ ആ ഉദ്ഘാടന ദിവസത്തെ ബ്ലോക്കിനെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍. അന്ന് താനും ആ ബ്ലോക്കില്‍പ്പെട്ടിരുന്നുവെന്നും മല്ലിക സുകുമാരന്‍ പറയുന്നു.
‘എല്ലാവരും ബ്ലോക്കില്‍പെട്ട് കിടക്കുകയായിരുന്നു. ഒരുപാട് അറിയാവുന്നവര്‍ വിളിച്ച് ആ വഴിക്ക് വരല്ലേ എന്ന് പറഞ്ഞിരുന്നു. മമ്മൂട്ടിയെ ആരെങ്കിലും ഒന്ന് അറിയിച്ചിരുന്നു എങ്കില്‍ എന്ന് പലരും ചോദിച്ചു. ഞാനും കരുതി അങ്ങനെ എന്തെങ്കിലും ഇടപെടല്‍ മമ്മൂട്ടി നടത്തിയിരുന്നു എങ്കില്‍ നന്നായെനേയെന്ന്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മമ്മൂട്ടി അവിടെ പറഞ്ഞത് ഞാന്‍ പിറ്റേ ദിവസം കേട്ടു. മമ്മൂട്ടി അങ്ങനെ പറയുന്ന ആളാണ് എന്ന് ഉറപ്പ് ആയിരുന്നു,’ മല്ലിക സുകുമാരന്‍ പറയുന്നു.
‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ് ഈ പരിപാടി വേഗം തീര്‍ത്ത് പോയാലേ അത്യാവശ്യക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് പോകാന്‍ സാധിക്കുള്ളു, നമ്മള്‍ സന്തോഷിക്കുന്നവരാവാം പക്ഷേ അവര്‍ക്ക് ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടാവും അതുകൊണ്ട് ഞാന്‍ ഇത് വേഗം നടത്തി പോകും, നമ്മുക്ക് പിന്നെ കാണാം’, എന്നായിരുന്നു മമ്മൂട്ടി വേദിയിലെത്തി പറഞ്ഞത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ട്രോളുകളിലും സോഷ്യല്‍ മീഡിയയിലും മമ്മൂട്ടിയായിരുന്നു ചര്‍ച്ച. ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തല, നിര്‍മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ബുധനാഴ്ചയാണ് റിലീസ് ചെയ്യുന്നത്.
Content Highlight: Mallika Sukumaran about road block in haripad due to Mammooty’s inuagration