അന്ന് ആ കാര്യം ഞാൻ അറിഞ്ഞിരുന്നെങ്കിൽ ജോർദാനിലേക്ക് ഫ്ലൈറ്റ് എടുത്ത് വന്നേനേയെന്ന് പൃഥ്വി: മല്ലിക
ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് തടി കുറച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. പൃഥ്വി മെലിഞ്ഞത് ഇന്ദ്രജിത്തിന് അറിയാമായിരുന്നെന്നും തന്നോട് പറയരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നെന്നും മല്ലിക പറഞ്ഞു. ആരും ഫോട്ടോ അയച്ചുകൊടുക്കരുതെന്നും താൻ അറിഞ്ഞാൽ ജോർദാനിലേക്ക് ഫ്ലൈറ്റ് കയറി വരുമെന്നുമെല്ലാം പൃഥ്വിരാജ് പറഞ്ഞിരുന്നെന്ന് മല്ലിക കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക.
‘പൃഥ്വിയും ഇന്ദ്രജിത്തും എല്ലാ കാര്യവും പരസ്പരം പറയും. ഞാൻ രണ്ട് കൈയെടുത്ത് ഭഗവാനോട് പ്രാർത്ഥിക്കാം പൃഥ്വിയുടെ ആടുജീവിതത്തിന് വേണ്ടി. കാരണം ആടുജീവിതത്തിൽ അഭിനയിക്കാൻ പൃഥ്വി പോയപ്പോൾ മെലിഞ്ഞത് ഇന്ദ്രന് അറിയാമായിരുന്നു, എനിക്കറിയില്ലായിരുന്നു. പോയി 19 കിലോ കുറച്ചു. ‘ആരും ഒരു ഫോട്ടോ അയച്ചു കൊടുക്കരുത്, അമ്മ അറിയരുത്’ എന്നൊക്കെ പറഞ്ഞ് ഭയങ്കര നിർദേശമായിരുന്നു. ബ്ലെസി അടക്കമുള്ളവർ പറയുകയാണ് ഡോക്ടർമാർ വേണ്ട എന്ന് പറഞ്ഞിട്ടും കേൾക്കാതെ അസ്ഥി പോലെയായി. ഇനി ഇത്രയും ചെയ്യില്ല എന്നവനും പറഞ്ഞു കാരണം അവനും പേടിച്ചു.
പൃഥ്വിയുടെ ഫോട്ടോ കണ്ടപ്പോൾ ഇത് ഇവർ പറയുന്ന പോലെ കുറച്ചതാണോ അതോ ഇനി മരുഭൂമിയിൽ കിടന്ന് വല്ല അസുഖവും പിടിച്ചോ എന്നാണ് ഞാൻ ചിന്തിച്ചത്. ഞാൻ കൂടെക്കൂടെ അവരുടെ കൂടെ പോയ ആൾക്കാരോട് ചോദിക്കുന്നുണ്ട്. അവർ ഒന്നുമില്ല ചേട്ടൻ ഇവിടെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് പറയുക.
ആഹാരം കഴിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ കുറച്ചു വണ്ണം കുറക്കണം എന്നാണ് അവരുടെ മറുപടി. ഇതൊക്കെ ട്രെയിൻ ചെയ്ത് ഏൽപ്പിച്ചിട്ടുണ്ട്. ‘അമ്മ വിളിച്ചാൽ ഇങ്ങനെ പറയണം, കഷ്ടകാലത്തിന് അമ്മ അറിഞ്ഞാൽ നാളത്തെ ഫ്ലൈറ്റിന് ജോർദാനിൽ വരും’ ഇതൊക്കെയാണ് പൃഥ്വി അവരോട് പറയുക. ഞാൻ ആഗ്രഹിച്ച പൃഥ്വിയുടെ സിനിമ ആടുജീവിതമാണ്,’ മല്ലിക സുകുമാരൻ പറഞ്ഞു.
Content Highlight: Mallika sukumaran about prithviraj’s makeover