ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. ഏപ്രിൽ പത്തിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2017ൽ ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് 2023ലാണ് അവസാനിച്ചത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവർ അമ്പരപ്പിക്കുന്നതായിരുന്നു.
ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് ഭാരം കുറച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. അത്രയും ഭാരം കുറച്ചപ്പോൾ സങ്കടം തോന്നിയെന്നും പൃഥ്വിരാജ് ആദ്യം അയക്കുന്ന ഫോട്ടോയിലൊന്നും കുഴപ്പം തോന്നിയില്ലെന്നും മല്ലിക പറഞ്ഞു.
എന്നാൽ പിന്നെ നോക്കുമ്പോൾ മെലിഞ്ഞത് മനസിലായെന്നും പൃഥ്വിരാജ് താൻ വിഷമിക്കേണ്ടെന്ന് കരുതി തന്നോട് ഒന്നും പറയരുതെന്ന് മറ്റുള്ളവരോട് പറഞ്ഞിരുന്നെന്നും മല്ലിക കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക.
‘പൃഥ്വിരാജിന്റെ ആട് ജീവിതം ഏപ്രിൽ 10ന് ഇറങ്ങുകയാണ്. എനിക്ക് സങ്കടം തോന്നിയത് എന്നോട് പറയാതെ പോകുന്ന വഴിക്ക് 19 കിലോ കുറച്ചു. വെയിറ്റ് കുറച്ചിട്ട് അവിടെ പോയി അഭിനയിച്ചു എന്ന് മാത്രമല്ല, അയക്കുന്ന ഫോട്ടോയിൽ ഷർട്ട് ഒക്കെയിട്ട് വലിയ കുഴപ്പമൊന്നുമില്ല.
പിന്നെ നോക്കുമ്പോൾ ഒരു മാതിരി മെലിഞ്ഞ് ഇരിക്കുന്നു. ഇവനെ വിളിക്കുമ്പോൾ ഇവൻ ഒന്നും പറയില്ല. വേറെ ഉള്ളവരോടൊക്കെ ആ ഫോട്ടോ അമ്മയെ കാണിക്കല്ലേ, അമ്മക്ക് സങ്കടം വരും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ ഇവന്റെ കൂടെ പോകുന്നവരെ വിളിച്ചിട്ട് ചോദിച്ചു,എന്താണ് ഇവൻ ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ എന്ന്. അവരോടും പറഞ്ഞുവെച്ചിട്ടുണ്ട് ഞാൻ വിളിച്ചാൽ പറയരുത് എന്ന്.
ജീവിതത്തിന്റെ ആരോഗ്യസ്ഥിതിക്ക് പോലും ദോഷകരമാണെന്ന് ഡോക്ടർമാർ പോലും പറഞ്ഞിട്ട് വകവെക്കാതെ എന്റെ മോന്റെ കഷ്ടപ്പാട് ആണത്. അതാണ് പൃഥ്വി. അവൻ ആ പടത്തിനു വേണ്ടി എന്തും ചെയ്യും,’ മല്ലിക സുകുമാരൻ പറഞ്ഞു.
ആടുജീവിതത്തിന്റ സംഗീതം എ.ആർ റഹ്‌മാനാണ്. ശ്രീകർ പ്രസാദ് എഡിറ്റിങും, സുനിൽ കെ.എസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. അമലാ പോൾ, ജിമ്മി ജീൻ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിർമാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങൾ, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങൾ തുടങ്ങിയ ഘടകങ്ങളാൽ വേറിട്ടു നിൽക്കുന്നു. ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളിൽനിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.
Content Highlight: Mallika sukunaran about prithiviraj’s effort