രാജുവിനെ പഠിപ്പിക്കാനും തിരുത്താനുമൊന്നും പോകണ്ട ചേച്ചീ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്: മല്ലിക സുകുമാരന്‍
Entertainment
രാജുവിനെ പഠിപ്പിക്കാനും തിരുത്താനുമൊന്നും പോകണ്ട ചേച്ചീ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th September 2024, 10:14 am

കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് മല്ലിക സുകുമാരന്റേത്. കരയിറിന്റെ തുടക്കത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ മല്ലിക, സുകുമാരന്റെ മരണശേഷം സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ രംഗത്തൂടെ തിരിച്ചുവരികയും വീണ്ടും സിനിമയില്‍ സജീവമാവുകയും ചെയ്തു. പൃഥ്വിരാജ് എന്ന സംവിധായകനെക്കറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.

ബ്രോ ഡാഡിയുടെ സെറ്റില്‍ തനിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ലെന്നും പൃഥ്വിക്ക് ആ സിനിമയെക്കുറിച്ച് ആദ്യാവസാനം എല്ലാം മനസില്‍ ഉണ്ടായിരുന്നെന്നും മല്ലിക പറഞ്ഞു. എമ്പുരാന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ പറയുമ്പോള്‍ പൃഥ്വിയുടെ സംവിധാനമികവിനെക്കുറിച്ചും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്ന് മല്ലിക കൂട്ടിച്ചേര്‍ത്തു. സിനിമ മുഴുവന്‍ മനസിലുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ പറ്റുള്ളൂവെന്ന് മല്ലിക പറഞ്ഞു.

മോഹന്‍ലാല്‍ പൃഥ്വിയുടെ കൂടെ നില്‍ക്കുന്നത് തന്നെ വലിയ അനുഗ്രഹമാണെന്നും പൃഥ്വിയെ പഠിപ്പിക്കാനോ തിരുത്താനോ പോകണ്ട എന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം മോഹന്‍ലാല്‍ ഒരു പൊതുവേദിയില്‍ അടുത്തിടെ പറഞ്ഞിരുന്നുവെന്നും അതൊക്കെ കേട്ടപ്പോള്‍ തനിക്ക് വളരെ അഭിമാനം തോന്നിയെന്നും മല്ലിക പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.

‘സിനിമയോട് വളരെയധികം ഡെഡിക്കേഷനുള്ള സംവിധായകനാണ് രാജു. ബ്രോ ഡാഡിയുടെ സെറ്റില്‍ വെച്ച് എനിക്കത് മനസിലായതാണ്. ഓരോ സീനും, ഓരോ ഫ്രെയിമും എങ്ങനെ ചെയ്യണമെന്ന് അവന് നല്ല ധാരണയുണ്ട്. ആ സിനിമയുടെ തുടക്കം തൊട്ട് അവസാനം വരെയുള്ള ഓരോ ചെറിയ ഡീറ്റെയിലും അവന്റെ മനസില്‍ കൃത്യമായിട്ട് ഉണ്ട്. ആ കാരണം കൊണ്ട് നമുക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല. അവന്‍ പറയുന്നത് അതുപോലെ കേട്ടാല്‍ മാത്രം മതി. എമ്പുരാന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ പലരും പറയുന്നത് കേട്ടിരുന്നു.

അവര്‍ക്ക് രാജു എന്ന സംവിധായകനോടുള്ള ബഹുമാനം ആ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഏറ്റവും വലിയ അനുഗ്രഹം എന്താണെന്ന് വെച്ചാല്‍ മോഹന്‍ലാലിനെപ്പോലെ ഒരു വലിയ നടന്‍ അവന്‍ പറയുന്നതൊക്കെ കേട്ട് കൂടെ നില്‍ക്കുന്നതാണ്. ‘രാജുവിനെ ഒന്നും പഠിപ്പിക്കാനോ തിരുത്താനോ പോകേണ്ട ആവശ്യമില്ല ചേച്ചീ. അവന് എല്ലാം അറിയാം’ എന്നാണ് ലാലു എന്നോട് പറഞ്ഞത്. ഈയടുത്ത് ഒരു സ്റ്റേജ് പ്രോഗ്രാമിലും ലാലു രാജുവിനെപ്പറ്റി സംസാരിച്ചു. അതൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനമുണ്ട്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

Content Highlight: Mallika Sukumaran about Mohanlal’s comment on Prithviraj