കൊച്ചി: മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചും മോഹന്‍ലാല്‍ എന്ന തന്റെ ലാലുവിനെ കുറിച്ചും വാചാലയായി നടി മല്ലികാ സുകുമാരന്‍. ആറാം ക്ലാസ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട അവന്റെ മല്ലികചേച്ചിയാണ് താന്‍ എന്നായിരുന്നു മല്ലിക സുകുമാരന്റെ വാക്കുകള്‍. എല്ലാവരും മോഹന്‍ലാല്‍ എന്ന നടന്റെ പേര് പറയുമ്പോള്‍, തനിക്ക് വളരെ അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന ഒരു കാര്യമാണ് ഇതെന്നും മല്ലിക പറയുന്നു. മോഹന്‍ലാല്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.
മോഹന്‍ലാലിനെ ഞാന്‍ ഇപ്പോഴും ലാലു എന്നാണ് വിളിക്കുന്നത്. എല്ലാവരോടും അന്നും ഇന്നും ഒരുപോലെയുള്ള പെരുമാറ്റം, ബഹുമാനിക്കാനുള്ള മനസ്, ഗുരുത്വം അതൊക്കെ ലാലില്‍ അന്നും ഇന്നും ഉണ്ട്. സിനിമയില്‍ എത്തിക്കഴിയുമ്പോള്‍ പലര്‍ക്കും ഇത്തരം സ്വഭാവങ്ങളൊക്കെ മങ്ങിപ്പോകാറുണ്ട്., മാഞ്ഞുപോകാറുണ്ട്. എന്നാല്‍ ലാലു അങ്ങനെയല്ല.
ഞാന്‍ എന്റെ മക്കളോട് പറയാറ് ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ്. അത് തന്നെയാണ് ലാലുവിന്റെ ഐശ്വര്യവും. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മോഹന്‍ലാലിനെ എല്ലാവരും മാതൃകയാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
മോഹന്‍ലാല്‍ എന്ന പേരില്‍ ഒരു സിനിമ വരുമ്പോള്‍ അതില്‍ എന്റെ മകന്‍ ഇന്ദ്രജിത് അഭിനയിച്ചു എന്ന് പറയുമ്പോള്‍ അഭിമാനമുണ്ട്. ഇന്ദ്രജിത്തിന്റെ ഒപ്പം മഞ്ജുവാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അതിലേറെ സന്തോഷം തോന്നി. – മല്ലിക സുകുമാരന്‍ പറയുന്നു.
മോഹന്‍ലാലുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ വര്‍ഷത്തെ ബന്ധമുണ്ട്. ലാലു നിര്‍മിച്ച പിന്‍ഗാമി എന്ന ചിത്രത്തില്‍ സുകുവേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ലാലുവിന്റെ ഛോട്ടോ മുംബൈയില്‍ ഇന്ദ്രജിത്തിന്റെ അമ്മയായി തന്നെ ഞാന്‍ അഭിനയിച്ചു. കുടുംബവുമായി ലാലുവിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ആ സ്‌നേഹവും അടുപ്പവും ഇന്നും ലാലു കാത്തുസൂക്ഷിക്കുന്നുണ്ട്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രമെഴുതുമ്പോള്‍, അല്ലെങ്കില്‍ ലോക സിനിമയുടെ ചരിത്രമെഴുതുമ്പോള്‍ അതില്‍ ആദ്യം നില്‍ക്കുന്ന പേര് മോഹന്‍ലാലിന്റെതായിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല. മോഹന്‍ലാല്‍ എന്ന സിനിമയുടെ ആദ്യ ഷോ കാണാന്‍ താന്‍ റെഡിയായി ഇരിക്കുകയാണെന്നും മല്ലിക പറയുന്നു.
മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യരെത്തുന്നത്. മോഹന്‍ലാലിന്റെ മികച്ച കഥാപത്രങ്ങളിലൊന്നായ സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ പേരുമായാണ് ഇന്ദ്രജിത്ത് ചിത്രത്തിലുള്ളത്. “ചങ്കല്ല, ചങ്കിടിപ്പാണ്” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
സാജിദ് യഹിയയുടെ കഥയ്ക്ക് സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ മധു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം പകരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആലപിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയാണ്.
Watch DoolNews Video