| Friday, 14th September 2018, 12:50 pm

പൃഥ്വിരാജിന് വേണ്ടി അന്ന് നിലകൊണ്ടത് മമ്മൂട്ടിയാണ്: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും അനാവശ്യ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ മുന്നിലുണ്ടായിരുന്നത് മമ്മുട്ടിയാണെന്ന് മല്ലിക സുഖുമാരന്‍. സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും താരങ്ങളെ കഴിവതും ഒരുമിച്ച് നിര്‍ത്തുന്നതില്‍ മമ്മൂട്ടി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

“സുകുവേട്ടന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമായിരുന്നു മമ്മൂട്ടിക്ക്. പലപ്പോഴും ന്യായമായ കാര്യത്തിനായിരിക്കും. പക്ഷേ അത് കഴിഞ്ഞാല്‍ പുള്ളി പോയി കൂളായിട്ട് ഇടപെടും. ഒന്നും മനസ്സില്‍ വച്ച് സംസാരിക്കാറില്ല. മമ്മൂട്ടി ഒരു പ്രകടനപ്രിയന്‍ അല്ല..ആരെയും സുഖിപ്പിച്ചു സംസാരിക്കാറില്ല. മമ്മൂട്ടി മമ്മൂട്ടിയാണ്”. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞു.

ബന്ധങ്ങളുടെ ചരടുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ കഴിയാത്ത ബന്ധമാണ് മമ്മൂട്ടിയുമായി ഉള്ളതെന്നും ഒരു സിനിമാനടന്‍ എന്നതിനേക്കാള്‍ മമ്മൂട്ടി എന്ന മനുഷ്യസ്‌നേഹിയെയാണ് എനിക്ക് പരിചയമെന്നും മല്ലിക പറയുന്നു. അതാദ്യം ഞാന്‍ തിരിച്ചറിയുന്നത് ഒരു അമ്മ മീറ്റിങ്ങില്‍ വച്ചാണ്. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഈ അവസരത്തില്‍ പറയുന്നത് അനൗചിത്യമായതുകൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Read Also : “മോദിജീ മകളെ സംരക്ഷിക്കാന്‍ നിങ്ങള്‍ പറയുന്നു, പക്ഷേ എങ്ങനെ? ” ഗുരുതര ആരോപണവുമായി ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19 കാരിയുടെ അമ്മ


മോഹന്‍ലാലുമായും നല്ല ബന്ധമുണ്ടെന്നും ഇപ്പോള്‍ ജീവിതാനുഭവം കൊണ്ട് ആളുകളെ പഠിക്കാനും അതിനനുസരിച്ച് ഇടപെടാനുമൊക്കെ മോഹന്‍ലാല്‍ പഠിച്ചെന്നും മല്ലിക പറഞ്ഞു.

“അടുത്തിടെ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നപ്പോഴും അതിനെ ലാലു നേരിട്ട വിധം തന്മയത്വം നിറഞ്ഞതായിരുന്നു. ഞാനും എന്റെ മക്കളോട് പറയാറുണ്ട്. പല കാര്യങ്ങളിലും ലാലുവിനെ നോക്കി പഠിക്കണമെന്ന്. തൊഴിലിനോടുള്ള ആത്മാര്‍ഥതയായാലും വിമര്‍ശനങ്ങളെ നേരിടുന്ന രീതിയായാലും ഒക്കെ. ഇപ്പോള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ ലൂസിഫറില്‍ നായകനാകുന്നത് ലാലുവാണ് എന്നത് ഒരു കാവ്യനീതി പോലെ തോന്നുന്നു. ഒരമ്മ എന്ന നിലയില്‍ കൂടുതല്‍ അഭിമാനം തോന്നുന്ന വാര്‍ത്തയാണ് ലൂസിഫര്‍ എന്ന ചിത്രം”. അവര്‍ പറഞ്ഞു.

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ളവരാണ് മലയാളികളെന്നും നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആക്രമണമെന്നും അവര്‍ പറഞ്ഞു.

“ട്രോളന്മാരോട് പറയാനുള്ളത് നിലപാടുകളില്‍ ഒരു സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ തമാശയായിരിക്കണം. ആര്‍ക്കും മുന്‍വിധികളില്ലാതെ ചിരിക്ക് വക നല്‍കുന്നതായിരിക്കണം. അല്ലെങ്കില്‍ വിമര്‍ശനം കാമ്പുള്ളതായിരിക്കണം. പക്ഷേ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന ഭൂരിഭാഗം ട്രോളുകളും വെറുപ്പും പരിഹാസവും വിദ്വേഷവും നിറഞ്ഞതാണ്. സ്വന്തം അമ്മയ്‌ക്കോ പെങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ആണ് ഈ അവസ്ഥ വരുന്നെങ്കില്‍ എന്ന് ഒരുനിമിഷം ആലോചിക്കണം”. അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more