പൃഥ്വിരാജ് ലൂസിഫറിന്റെ കഥ എഴുതിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരൻ. ലൂസിഫർ സിനിമയുടെ കഥ എഴുതാൻ വേണ്ടി പൃഥ്വിരാജ് തന്റെ വീട്ടിലാണ് വന്നെതെന്ന് മല്ലിക പറഞ്ഞു. ഗോപിയുടെ മകൻ മുരളിയും വീട്ടിൽ ഉണ്ടാകുമെന്നും അവർ രണ്ടുപേരും കൂടെയാണ് കഥ എഴുതിയതെന്നും മല്ലിക പറയുന്നുണ്ട്.
സിനിമ തുടങ്ങുന്നതിനുമുമ്പേ ഷോട്ട് ബൈ ഷോട്ട് സ്റ്റോറി ബോർഡ് റെഡിയാക്കിയിരുന്നെന്നും മല്ലിക കൂട്ടിച്ചേർത്തു. പുതിയ സംവിധായകർ ആകുമ്പോൾ കഷ്ടപ്പെട്ട് ഹോം വർക്ക് ചെയ്ത് പോകണമെന്നും മല്ലിക മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ പറഞ്ഞു.
‘നമ്മുടെ ചിന്തയിലുള്ള ഫ്ലോ അല്ല പുതിയ തലമുറകളിലെ കുട്ടികൾക്കുള്ളത്. ലൂസിഫർ എന്ന പടം എടുക്കുമ്പോൾ ഞാൻ പൃഥ്വിയെ കണ്ടതാണ്. എന്റെ വീട്ടിൽ വന്ന് താമസിക്കും. ‘എന്റെ വീട്ടിൽ നിറയെ ആളുകളാണ് അമ്മെ, ഗസ്റ്റുകൾ വരും ,എനിക്ക് എഴുതാൻ പറ്റില്ല’ എന്ന് പറഞ്ഞ് എന്റെ വീട്ടിലായിരുന്നു.
ഒരു മണി രണ്ടു മണി വരെ ഒരു പാത്രത്തിനകത്ത് കട്ടൻകാപ്പി ഇട്ടു വെക്കാൻ പറയും. ഞാനത് റൂമിൽ കൊണ്ടുവയ്ക്കും. ഗോപി സാറിന്റെ മകൻ മുരളി വരും. ഇവർ രണ്ടുപേരും ഇരുന്നെഴുതും. സിനിമ തുടങ്ങുന്നതിനുമുമ്പേ ഷോട്ട് ബൈ ഷോട്ട്, സ്റ്റോറി ബോർഡ് റെഡിയാക്കി. പുതുമ കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. പുതിയ സംവിധായകർ ആകുമ്പോൾ കഷ്ടപ്പെട്ട് ഹോം വർക്ക് ചെയ്ത് തന്നെ പോകണം. അല്ലെങ്കിൽ തിത്തൈ തകതെയ് എന്നായി പോകും.
ഇപ്പോൾ ഒരു ക്ലൈമാക്സ് കേട്ടിട്ട് ഞാൻ പറയും നന്നായിരിക്കുന്നു എന്ന്. അപ്പോൾ അവരെന്നെ കളിയാക്കും. ‘അമ്മ ഇപ്പോഴും അമ്മൂമ്മയുടെ കാലത്ത് നിൽക്കുകയാണ്, അതൊക്കെ പോയമ്മേ’ എന്ന് പറയും. അവരുടെ ചിന്ത വേറെ തരത്തിലാണ്. അതൊക്കെ ശരിയായിരിക്കും. പഴയ രീതികൾ ഒക്കെ മാറിയിട്ട് അവർ പോകുന്നത് വേറൊരു തരത്തിലാണ്,’ മല്ലിക സുകുമാരൻ പറഞ്ഞു.
Content Highlight: Mallika sukumaran about her suggestion in lucifer movie