പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കീഴില്‍ മല്ലിക സുകുമാരന്‍ ആദ്യമായി വര്‍ക്ക് ചെയ്ത ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മല്ലിക.
പ്രതിഫലത്തെക്കുറിച്ച് താനൊന്നും പറഞ്ഞിരുന്നില്ലെന്നും മുമ്പ് അഭിനയിച്ച ചിത്രത്തില്‍ എത്ര രൂപ വാങ്ങിയിട്ടുണ്ടെന്ന് ലിസ്റ്റിന് സ്റ്റീഫന്‍ അന്വേഷിച്ചിരുന്നുവെന്നും അതിനനുസരിച്ചാണ് തനിക്ക് പ്രതിഫലം തന്നതെന്നും ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞു.
”ഗോള്‍ഡില്‍ അഭിനയിക്കുമ്പോള്‍ പ്രതിഫലത്തെക്കുറിച്ച് ഞാനൊന്നും പറഞ്ഞിരുന്നില്ല. അവരിങ്ങോട്ട് തരികയായിരുന്നു. സത്യം പറഞ്ഞാല്‍ ഭയങ്കരമായി ബിസിനസ് സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. പിന്നെ ഇതാണിപ്പോള്‍ നമ്മുടെ വരുമാനം.
ഇതാണ് ചോറ്, ഇത്രയൊക്കെ എല്ലാവരും വാങ്ങിക്കുന്നതാണ്, നിങ്ങളും സഹകരിക്കണമെന്ന് പറയുകയല്ലാതെ ആരോടും ഇതിന്റെ പേരില്‍ വാചകമടിക്കാനോ വഴക്കുണ്ടാക്കാനോ ഞാന്‍ ശ്രമിക്കാറില്ല. പഴയ താരങ്ങള്‍ക്കൊന്നും അത് വശമില്ല.
ഇപ്പോള്‍ അതുപോലെയല്ല കാര്യങ്ങള്‍. ഇന്നലെ വന്ന താരങ്ങള്‍ പോലും അത് സീരിയലില്‍ ആണെങ്കിലും വാങ്ങിക്കുന്നത് വലിയ തുകയാണ്. അത് കാണുമ്പോള്‍ നമ്മളൊക്കെ എന്തോരം കാശ് കളഞ്ഞു എന്ന് തോന്നാറുണ്ട്. എന്തായാലും ഗോള്‍ഡില്‍ അഭിനയിക്കുന്നതിന് ഇതൊന്നും എനിക്ക് വേണ്ടി വന്നില്ല.
ഞാന്‍ എത്ര രൂപ വാങ്ങിക്കുന്നുണ്ടെന്ന് ലിസ്റ്റിന് കൃത്യമായി അന്വേഷിച്ചിരുന്നു. അതിന് മുന്‍പ് അഭിനയിച്ച പടത്തില്‍ നിന്നും ലഭിച്ചത് പോലെ കൃത്യമായി തന്നെ ലിസ്റ്റിന് എനിക്ക് പ്രതിഫലം തന്നു.
സിനിമയ്ക്ക് കാര്യമായ പ്രമോഷനൊന്നും നടത്തിയില്ലെങ്കിലും അത് എല്ലാവരുടെയും മനസിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സിന്റെ സിനിമ വരികയാണെന്നും അത് നീണ്ട് പോയപ്പോള്‍ പലരും സങ്കടം പറഞ്ഞ് കൊണ്ടേയിരുന്നു.
അത് റിലീസ് ചെയ്യാന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും സന്തോഷം പങ്കുവെച്ചുമെത്തി. അങ്ങനെ മൊത്തത്തില്‍ ഈ സിനിമ എല്ലാവരുടെയും മനസില്‍ നിറഞ്ഞ് നില്ക്കുക തന്നെയായിരുന്നു,” മല്ലിക പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര, പൃഥ്വിരാജ്, ബാബു രാജ്, ദീപ്തി സതി തുടങ്ങി നിരവധി അഭിനേതാക്കളുണ്ട്.
content highlight: mallika sukumaran about gold