ആ സിനിമയില്‍ ശബ്ദം കൊടുത്തത് ഞാനാണ്, പലരും എനിക്ക് മെസേജയച്ചപ്പോള്‍ സന്തോഷം തോന്നി: മല്ലിക സുകുമാരന്‍
Entertainment
ആ സിനിമയില്‍ ശബ്ദം കൊടുത്തത് ഞാനാണ്, പലരും എനിക്ക് മെസേജയച്ചപ്പോള്‍ സന്തോഷം തോന്നി: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th July 2024, 1:53 pm

50 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് മല്ലിക സുകുമാരന്‍. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങള്‍ 50 വര്‍ഷ കാലയളവില്‍ മല്ലികാ സുകുമാരന്‍ ചെയതിട്ടുണ്ട്. പല സിനിമകളിലും താരം ഡബ്ബിങ് ആര്‍ട്ടിസ്റ്റായിട്ടുണ്ട്. അവളുടെ രാവുകള്‍, കടുവ എന്നീ സിനിമകളില്‍ സീമയ്ക്കും, ടമാര്‍ പഠാറില്‍ വനിതക്കും മല്ലിക ഡബ്ബ് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ഗഗനചാരിയില്‍ ഏലിയന് ശബ്ദം നല്‍കിയത് മല്ലികയായിരുന്നു. തിയേറ്ററില്‍ മല്ലികയുടെ ശബ്ദം വരുന്ന സീനുകള്‍ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ആ സിനിമയില്‍ അഭിനയിക്കാതെ വെറും ശബ്ദം മാത്രം നല്‍കിയ സമയത്ത് ആളുകള്‍ ഇങ്ങനെ സ്വീകരിക്കുമെന്ന് കരുതിയില്ലെന്നും സിനിമ കണ്ട ശേഷം പലരും തന്നെ അഭിനന്ദിച്ച് മെസേജുകള്‍ അയച്ചെന്നും മല്ലിക പറഞ്ഞു.

ചിലര്‍ക്ക് ആദ്യം അത് തന്റെ ശബ്ദമാണെന്ന് മനസിലായില്ലെന്നും അറിഞ്ഞപ്പോള്‍ അത്ഭുതമായെന്ന് പലരും അഭിപ്രായപ്പെട്ടുവെന്നും താരം പറഞ്ഞു.അത്രയും റെസ്‌പോണ്‍സ് കണ്ടപ്പോള്‍ തനിക്ക് സന്തോഷം തോന്നിയെന്നും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സന്തോഷം തന്നുവെന്നും മല്ലിക പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം ഗഗനചാരിയുടെ സംവിധായകന്‍ തനിക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റിട്ടെന്നും അത്തരം ചെറിയ കാര്യങ്ങളും തനിക്ക് വളരെ വലുതാണെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഈയടുത്ത് ഇറങ്ങിയ സിനിമയാണ് ഗഗനചാരി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് അത്. ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടില്ല. പക്ഷേ അതിലെ ഏലിയന് ശബ്ദം കൊടുത്തത് ഞാനാണ്. ശബ്ദം കൊടുത്തപ്പോള്‍ അത് ഇത്ര വലിയ ഹിറ്റാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. തിയേറ്ററില്‍ ആ സീനിന് ഗംഭീര റെസ്‌പോണ്‍സാണെന്ന് ഒരുപാട് പേര്‍ മെസേജയച്ചു.

ഞാനാണ് ശബ്ദം കൊടുത്തതെന്ന് ചിലര്‍ക്ക് സിനിമ കഴിഞ്ഞ ശേഷമാണ് മനസിലായത്. അവരും എനിക്ക് മെസേജയച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഒരു ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ എനിക്ക് സന്തോഷം തരുന്നുണ്ട്. ചെറുതോ വലുതോ എന്ന് നോക്കാതെ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുക എന്ന് മാത്രമേ എനിക്കുള്ളൂ. അല്ലാതെ, ഞാന്‍ പണ്ട് വലിയ സംഭവമായിരുന്നു, ഇതുപോലുള്ള ചെറിയ പരിപാടിയൊന്നും ചെയ്യില്ലെന്ന് പറഞ്ഞ് ഇരുന്നാല്‍ ആ ഇരിപ്പ് തുടരേണ്ടി വരും,’ മല്ലിക പറഞ്ഞു.

Content Highlight: Mallika Sukumaran about dubbing in Gaganachari