| Saturday, 18th September 2021, 4:06 pm

എന്നോട് ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു വിളിച്ചത്: സിനിമാകാര്യമല്ലെന്ന് ഞാന്‍ ഊഹിച്ചു; മനസുതുറന്ന് മല്ലിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി എന്ന ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി മല്ലിക സുകുമാരന്‍. മകന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി ഒരു വേഷം ലഭിക്കുകയെന്നത് തന്നെ സംബന്ധിച്ച് സ്വപനതുല്യമായ കാര്യമായിരുന്നെന്ന് മല്ലിക പറയുന്നു. കാന്‍ചാനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രോ ഡാഡിയില്‍ താന്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച് മല്ലിക മനസുതുറന്നത്.

” ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്നൊരു ആഗ്രഹം ഉണ്ടാകുന്നത്. അമ്മവേഷങ്ങളേ ആഗ്രഹിച്ചിരുന്നുള്ളൂ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു അതിമോഹം ഉണ്ടായിരുന്നു.

ജയറാമിന്റേയും ദിലീപിന്റേയും അമ്മയായിട്ടുണ്ട്. ചില നല്ല വേഷങ്ങളും കിട്ടി. എടുത്ത് പറയേണ്ടത് സാറാസ് എന്ന ചിത്രത്തിലെ അമ്മച്ചിയുടെ വേഷമാണ്. ആ വേഷം കണ്ടിട്ട് ഒരുപാട് പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നേരിട്ടും അല്ലാതെയും. അതിന് നന്ദി പറയേണ്ടത് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിനോടാണ്.

അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 ന് എന്നോട് രഹസ്യം പറയാനുണ്ടെന്ന് രാജു അറിയിക്കുന്നത്. സിനിമാക്കാര്യമാവില്ലെന്ന് ഞാന്‍ ഊഹിച്ചു. എന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ച് രാജു എന്നോട് പറഞ്ഞത്, അവന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ബ്രോഡാഡിയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു.

അതെന്നെ അത്യധികം സന്തോഷിപ്പിക്കാന്‍ കാരണമുണ്ടായിരുന്നു. അതില്‍ മോഹന്‍ലാലിന്റെ അമ്മവേഷമാണ് എനിക്ക്. അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അതില്‍ അഭിനയിക്കുന്നത്. ഞാന്‍ ലാലിന്റെ അമ്മയാകുമ്പോള്‍ രാജുവിന് അമ്മൂമ്മയാണ്. ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത്,” മല്ലിക സുകുമാരന്‍ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഹൈദരാബാദിലാണ് ചിത്രീകരിച്ചത്.

മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പൃഥ്വിയുടേതടക്കമുള്ള ക്യാരക്റ്റര്‍ ലുക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തേ തന്നെ പങ്കു വെച്ചിരുന്നു. മോഹന്‍ലാലും മല്ലിക സുകുമാരനും ഒരേ ഫ്രേമില്‍ നില്‍ക്കുന്ന ചിത്രവും പൃഥ്വി ഷെയര്‍ ചെയ്തിരുന്നു.

മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച ഒരു കുടുംബ കഥയാണ് ചിത്രം പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Mallika Sukumaran about Bro Daddy Movie

Latest Stories

We use cookies to give you the best possible experience. Learn more