മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. സഹനടിയായും അമ്മവേഷങ്ങളിലും മല്ലിക സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് മല്ലിക വേഷമിട്ടത്. ചിത്രത്തിലെ തന്റെ ഭാഗം ഷൂട്ട് ചെയ്ത് കഴിഞ്ഞതിന് ശേഷം പൃഥ്വിരാജ് പറഞ്ഞ രസകരമായ ഒരു കാര്യത്തെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”ബ്രോ ഡാഡി സിനിമയിലെ എന്റെ ഷോട്ട് എടുത്ത് കഴിഞ്ഞ് രാജു മോണിറ്ററിലേക്ക് നോക്കിയിരുന്നു. അതിന് ശേഷം കട്ട് പറഞ്ഞ് കഴിഞ്ഞ് എന്നോട് അവന്‍ പറയുകയാണ് ‘അമ്മച്ചിയ്ക്ക് ഭാവിയുണ്ട് കേട്ടോ’ എന്ന്. അവന്‍ പറഞ്ഞ വാചകമാണിത്.
ആ സീനില്‍ എന്റെ പുറകില്‍ സുകുമാരന്‍ ചേട്ടന്റെ ഫോട്ടോ ഉണ്ടായിരുന്നു. ആ ഫോട്ടോ കണ്ട് ഞാന്‍ അവനോട് പറഞ്ഞു, മുകളില്‍ ഒരാളിരിക്കുന്നുണ്ട്, നീ ഇപ്പോള്‍ പറഞ്ഞത് അദ്ദേഹം കേള്‍ക്കണ്ട കേട്ടോ എന്ന്,”മല്ലിക സുകുമാരന്‍ പറഞ്ഞു.
‘സിനിമയിലെ ഓരോ ആര്‍ട്ടിസ്റ്റുകള്‍ എങ്ങനെ നടക്കണമെന്നും, എവിടെ നില്‍ക്കണമെന്നും, എങ്ങനെ നോക്കണമെന്നും അവന്‍ പറഞ്ഞു കൊടുക്കും. ഷോട്ടുകളെല്ലാം അവന് ഇഷ്ടപ്പെടുന്നത് വരെ എടുക്കും. അവന് പെര്‍ഫക്ടാണെന്ന് അവന് തോന്നുന്നത് ഓക്കെ പറയും,”മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ബ്രോ ഡാഡി. ശ്രീജിത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം, പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 26ന് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
അതേസമയം, പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മല്ലിക സുകുമാരനും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ അമ്മയായി തന്നെയാണ് ചിത്രത്തില്‍ മല്ലിക വേഷമിടുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Mallika Skumaran Shares Bro Daddy Shooting Experiance