മുംബൈ: വാടകകുടിശ്ശിക നല്‍കാത്തതിനാല്‍ ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. (78,787 യൂറോ) ഏകദേശം 60 ലക്ഷം രൂപയാണ് വാടകയിനത്തില്‍ നല്‍കാനുള്ളത്.
കോടതി ഉത്തരവ് പ്രകാരമാണ് നടിയെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിട്ടത്. ഡിസംബര്‍ 14 ന് മുന്‍പ് അപ്പാര്‍ട്‌മെന്റ് ഒഴിഞ്ഞുകൊടുക്കണമെന്നും കുടിശ്ശിക തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അപ്പാര്‍ട്‌മെന്റില്‍ ഇവര്‍ വാങ്ങിവെച്ച ഫര്‍ണിച്ചറുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.
2017 ജനുവരിയിലാണ് മല്ലികാ ഷെരാവത്തും ബോയ്ബ്രണ്ടായ സൈറില്‍ ഓക്‌സന്‍ഫന്‍സും അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുക്കുന്നത്. 6,054 യൂറോ മാസവാടകയ്ക്കായിരുന്നു അപ്പാര്‍ട്‌മെന്റ് എടുത്തത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ വാടകയിനത്തില്‍ വെറും 2715 യൂറോ മാത്രമാണ് ഇവര്‍ നല്‍കിയതെന്ന് അപ്പാര്‍മെന്റ് ഉടമ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് വാടക നല്‍കാതിരുന്നതെന്നാണ് നവംബര്‍ 14 ന് കോടതിയില്‍ ഹാജരായ മല്ലിക ഷെരാവത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്.
അപ്പാര്‍മെന്റ് വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട വാര്‍ത്ത നിഷേധിച്ചുകൊണ്ട് നേരത്തെ മല്ലിക ഷെരാവത്ത് രംഗത്തെത്തിയിരുന്നു. തനിക്ക് അത്തരത്തിലുള്ള അപ്പാര്‍ട്‌മെന്റ് പാരിസിലില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. തെറ്റായ വാര്‍ത്തയാണ് ഇതെന്നും തന്റെ പേരില്‍ മറ്റാരെങ്കിലും ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരിക്കാമെന്നുമായിരുന്നു മല്ലിക പറഞ്ഞത്.