അഹമ്മദാബാദ്: ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃകയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം നിയുക്ത ചാന്‍സലറുമായ മല്ലിക സാരാഭായ്.
ഇത്രയേറെ കുടുംബങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം വേറെ ഉണ്ടാകില്ല. സാമ്പത്തിക തകര്‍ച്ചയും വിദ്യാഭ്യാസമില്ലായ്മയും പട്ടിണിയുമാണ് ഇതിന് കാരണങ്ങളെന്നും അവര്‍ പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ താന്‍ ഇത്തവണയും വോട്ട് ചെയ്തുവെന്നും, മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മല്ലിക പറഞ്ഞു. എന്നാല്‍ തെക്കേ ഇന്ത്യയിലാണ് തന്റെ പ്രതീക്ഷയെന്നും മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ ജനതയോട് കാട്ടിയ നീതികേടാണ് ബാബ്‌രി മസ്ജിദ് സംഭവമെന്നും, ആ ദിവസം താന്‍ ഞെട്ടലോടെ ഓര്‍ക്കുന്നുവെന്നും മല്ലിക സാരാഭായ് പറഞ്ഞു.
രാജ്യത്തിപ്പോള്‍ ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിക്കുകയും, അവര്‍ക്ക് മാലയിടുകയുമൊക്കെയാണ്. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണിതെല്ലാം. ഏത് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും മോചനം കിട്ടാത്ത പാതകമാണതെന്നും മല്ലിക സാരാഭായ് വിമര്‍ശിച്ചു.
ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരെ പോരാടാന്‍ കരുത്തുണ്ടാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും മല്ലിക പറഞ്ഞു.
‘മലയാളികള്‍ പൊതുവെ സര്‍ക്കാരുകളെ മാറി മാറി പരീക്ഷിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ ഇത്രയും വിദ്യാസമ്പന്നരായിട്ടും സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം നിരാശപ്പെടുത്തുന്നതാണ്. അത് ഗുജറാത്തിലെ മലയാളി പുരുഷന്മാരിലുമുണ്ട്,’ മല്ലിക പറഞ്ഞു.
ഡിസംബറില്‍ കുറേ പരിപാടികള്‍ ഉള്ളതിനാല്‍ ജനുവരി ആദ്യവാരം ചാന്‍സലറായി ചുമതലയേല്‍ക്കണമെന്ന് കരുതുന്നുവെന്നുവെന്നും മല്ലികാ സാരാഭായ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. സാമൂഹ്യ പരിവര്‍ത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലിക സാരാഭായിയെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
കലാമണ്ഡലം ചാന്‍സലര്‍ പദവിയിലേക്കുള്ള മല്ലിക സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. കലാമണ്ഡലം സര്‍വകലാശാലയുടെ നിയമമനുസരിച്ച് സ്‌പോണ്‍സറാണ് ചാന്‍സലറെ നിയമിക്കേണ്ടത്. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്.
പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലറായ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവനായിരുന്നു ചാന്‍സലറുടെ ചുമതല. 75 വയസാണ് ചാന്‍സലറാകാനുള്ള പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍.
Content Highlight: Mallika sarabhai talks about Gujarat politics