ന്യൂദല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ടതില്ലെന്ന് കേരള കലാമണ്ഡലം ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നത് ഉചിതമാണെന്നും അവര്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മല്ലിക സാരാഭായിയുടെ പ്രതികരണം.
മാനേജ്‌മെന്റ് തലത്തില്‍ കഴിവ് തെളിയിക്കാന്‍ കഴിയുമെന്നും മുമ്പും ഇതുപോലുള്ള പദവികള്‍ വഹിച്ച് മുന്‍പരിജയമുണ്ടെന്നും അവര്‍ പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. കലാകാരന്മാരും ഓരോ മേഖലയിലേയും വിദഗ്ദരും ചാന്‍സലര്‍മാരാകുന്നത് ഗുണം ചെയ്യും. കലാമണ്ഡലത്തെക്കുറിച്ചുള്ള വള്ളത്തോളിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മല്ലിക സാരാഭായ് പറഞ്ഞു.
കലാമണ്ഡലവുമായി അടുത്ത ബന്ധമുണ്ട്. ചാന്‍സലര്‍ പദവിയെ വലിയ ബഹുമാനത്തോടെയാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒരു പ്ലാന്‍ ഒന്നുമില്ല. സ്ഥിതിഗതികള്‍ പഠിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. കേരളത്തെ വളരെ അടുത്ത് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണര്‍മാരും അവരുടെ പദവികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അവരവര്‍ക്ക് ഇഷ്ടപ്പെട്ടവരെ നിയമിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.