കോഴിക്കോട്: ഇന്ത്യയ്ക്ക് തന്നെ മാതൃകയായ കേരളത്തിലാണ് ഇപ്പോള്‍ ശബരിമലയുടെ പേരില്‍ സമരപ്രഹസനം നടക്കുന്നതെന്ന് നര്‍ത്തകിയും അഭിനേത്രിയും അവകാശപ്രവര്‍ത്തകയുമായ മല്ലികാ സാരാഭായി. യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കുമെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ അയ്യപ്പനെയാണ് അപമാനിക്കുന്നതെന്നും ദൈവത്തെ സംരക്ഷിക്കാന്‍ മാത്രം ശക്തരായി സ്വയം കരുതുംവിധം ആളുകള്‍ അഹങ്കാരികളായി മാറുന്നത് സമൂഹത്തിന് തന്നെ ആപത്താണെന്നും മല്ലിക സാരാഭായി പറഞ്ഞു.
ദേശാഭിമാനി വാരന്തപതിപ്പിന് (9-12-2018) നല്‍കിയ പ്രതികരണത്തിലാണ് മല്ലികാ സാരാഭായുടെ വിമര്‍ശനം.
പുതിയ ജീവനെ സൃഷ്ടിക്കാനും അനേകം ജീവനുകള്‍ രക്ഷിക്കാനും കെല്‍പ്പുള്ള സ്ത്രീയെ അശുദ്ധയായി ചിത്രീകരിക്കുകയാണ്. ആര്‍ത്തവമുള്ളവര്‍ അശുദ്ധരാണെന്ന് ഏത് മതഗ്രന്ഥമാണ് പറയുന്നത്. ജീവന്‍ രക്ഷിക്കാന്‍ സഹായകരമായ സ്റ്റെം സെല്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആര്‍ത്തവ രക്തം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ നേരിട്ട് ശേഖരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഹിന്ദുമതത്തിന്റെ സവിശേഷത തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്നതാണ്. എന്നാല്‍ ഇന്ന് ഒരു കൂട്ടം ആളുകളുടെ വിശ്വാസപ്രമാണങ്ങളുമായി പൊരുത്തപ്പെടുംവിധം മതത്തെ തരംതാഴ്ത്തിയിരിക്കുകയാണ്.
തിരുത്തപ്പെടേണ്ട ആചാരങ്ങള്‍ മാറ്റിയെഴുതുക തന്നെ വേണം. ഒരു കാലത്തെ നൂതന ആശയങ്ങളാണ് പില്‍ക്കാലങ്ങളില്‍ കീഴ്‌വഴക്കങ്ങളും ആചാരങ്ങളുമായി മാറിയത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യാവകാശം പോലും നില നിന്നിരുന്നില്ല. ഇന്ന് ലിംഗ നീതി ചര്‍ച്ച ചെയ്യുന്ന പുതുതലമുറ നൂറ്റാണ്ടുകള്‍ മുമ്പുണ്ടായിരുന്ന സമ്പ്രദായങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമാണോയെന്ന് കൂടി പരിശോധിക്കണം. 90 ശതമാനം ആളുകളും മാറ്റം ഭയക്കുന്നു. മാറ്റങ്ങള്‍ സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണം. സാരാഭായി പറയുന്നു.
വിശ്വാസവും ധാര്‍മ്മികതയും ഓരോ വ്യക്തിയും സ്വയം തീരുമാനിക്കേണ്ടതാണ്. അവിശ്വാസിക്ക് ആത്മീയത പാടില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും സാരാഭായി പറയുന്നു.