'ഗവര്‍ണര്‍ ഔട്ട് മല്ലിക ഇന്‍'; മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ചു
Kerala News
'ഗവര്‍ണര്‍ ഔട്ട് മല്ലിക ഇന്‍'; മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2022, 8:41 pm

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സാമൂഹ്യ പരിവര്‍ത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

കലാമണ്ഡലം ചാന്‍സലര്‍ പദവിയിലേക്കുള്ള മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. കലാമണ്ഡലം സര്‍വകലാശാലയുടെ നിയമമനുസരിച്ച് സ്പോണ്‍സറാണ് ചാന്‍സലറെ നിയമിക്കേണ്ടത്. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്.

പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലറായ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവനായിരുന്നു ചാന്‍സലറുടെ ചുമതല. 75 വയസാണ് ചാന്‍സലറാകാനുള്ള പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍.

അതേസമയം, പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നൃത്തത്തില്‍ മാത്രമല്ല നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എംല്‍ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976ല്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

പീറ്റര്‍ ബ്രൂക്ക്സിന്റെ ‘ദി മഹാഭാരത’ എന്ന നാടകത്തില്‍ ദ്രൗപതിയെ അവതരിപ്പിച്ചാണ് ശ്രദ്ധേയയായത്. ഒരു നര്‍ത്തകി എന്നതോടൊപ്പം തന്നെ ഒരു സാമുഹിക പ്രവര്‍ത്തകകൂടിയാണ് മല്ലികാ സാരാഭായ്.

ഇന്ത്യന്‍ നാട്യകലെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മല്ലികയുടെ ഓര്‍മകളുടെ സമാഹാരമാണ് ഫ്രീ ഫാള്‍: മൈ എക്‌സ്‌പെരിമെന്റ്‌സ് വിത് ലിവിങ്’. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Content Highlight: Mallika Sarabhai appointed as Kerala Kalamandalam Chancellor