തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് ലവ് ജിഹാദ് കോലാഹലങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിക്കുന്നുണ്ടാവില്ലായിരുന്നുവെന്ന് നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ്.
ലവ് ജിഹാദ് കോലാഹലങ്ങള്‍ ഇല്ലാത്തതിനാലാണ് തന്റെ പൂര്‍വികര്‍ ഒന്നിച്ചത്. ആരെ കല്യാണം കഴിക്കണം, കഴിക്കരുതെന്ന് മാതാപിതാക്കള്‍ മക്കളെ ഉപദേശിക്കുന്ന കാലമാണിതെന്നും മല്ലികാ സാരാഭായി പറഞ്ഞു.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മല്ലികാ സാരാഭായി.
‘എന്റെ മുത്തശ്ശനും മുത്തശ്ശിയും വ്യത്യസ്ത മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. അച്ഛനും അമ്മയും അങ്ങനെ തന്നെയാണ്. മക്കളോട് മറ്റു വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കരുതെന്ന് മാതാപിതാക്കള്‍ പറയരുത്,’ മല്ലികാ സാരാഭായ് പറഞ്ഞു.
നമ്മള്‍ 2000 വര്‍ഷങ്ങളായി പുരുഷമേധാവിത്തത്തിന്റെയും ക്യാപിറ്റലിസത്തിന്റെയും ഇരകളാണെന്നും മല്ലിക സാരാഭായി കൂട്ടിച്ചേര്‍ത്തു.
ലവ് ജിഹാദ് ആര്‍.എസ്.എസിന്റെ അജണ്ടയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.
ഭരണ സംവിധാനവും രാഷ്ട്രീയവും ഇതിനായി ഉപയോഗിക്കുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ബൃന്ദ കാരാട്ട്.
സമ്മേളന നഗറില്‍ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. ചെഗുവേരയുടെ മകള്‍ ഡോ. അലെയ്ഡ ഗുവേരയും ചെറുമകള്‍ പ്രൊഫ. എസ്തഫാനോ ഗുവേരയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ച ഒരു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.
Content Highlight: Mallika Sarabhai about Love Jihad in AIDWA National Conference