| Saturday, 28th January 2023, 9:48 am

ഗവര്‍ണറല്ല, വിദഗ്ധര്‍ തന്നെയാണ് സര്‍വകലാശാലകളുടെ തലപ്പത്ത് വരേണ്ടത്: മല്ലിക സാരാഭായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഗവര്‍ണര്‍ അല്ല, അതാത് വിഷയങ്ങളിലെ വിദഗ്ധര്‍ തന്നെയാണ് സര്‍വകലാശാലകളുടെ തലപ്പത്ത് വരേണ്ടതെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ്.

കേരള കലാമണ്ഡലത്തിന്റെ വികസനത്തിന് കൂടുതല്‍ ഫണ്ട് സ്വരൂപിക്കുന്നതടക്കം തനിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മല്ലിക പറഞ്ഞു.

‘രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വിഭിന്നമായി കേരളം എനിക്കെന്നും വലിയ സ്‌നേഹം നല്‍കിയിട്ടുണ്ട്. എന്റേത് മലയാളി ഡി.എന്‍.എ ആണെന്ന് ഞാന്‍ വിചാരിക്കുന്നു.

കേരള കലാമണ്ഡലം ചാന്‍സലര്‍ പദവി എന്ന ചാലഞ്ച് എനിക്ക് സന്തോഷം നല്‍കുന്നതാണ്. കാലാരംഗത്തും അതിന്റെ നടത്തിപ്പിലും നാല് പതിറ്റാണ്ടായി എനിക്കുള്ള അനുഭവ പരിചയം അതിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്,’ മല്ലിക സാരാഭായ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബി.ബി.സി ഡോക്യൂമെന്ററിയെന്നും, ബി.ബി.സി ഡോക്യൂമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തലാണെന്നും അവര്‍ പറഞ്ഞു.

‘കണ്ടും കേട്ടുമറിഞ്ഞ ഭീതിതമായ ഓര്‍മകളാണ് ബി.ബി.സി ഡോക്യൂമെന്ററിയിലുള്ളത്. എന്തുകൊണ്ടാണ് അതിപ്പോള്‍ പുറത്തുവന്നത് എന്ന് നമുക്ക് ചോദിക്കാം, അതിനെ വിമര്‍ശിക്കാം. പക്ഷേ ഡോക്യൂമെന്ററിയിലുള്ളതെല്ലാം സത്യമാണ്.

‘ബി.ബി.സി ഡോക്യൂമെന്ററി സ്‌ക്രീനിങ് തടയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തലാണ്, ജനാധിപത്യ നിഷേധമാണ്.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള തെഹല്‍ക്ക റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടന്നത്. അത് ആ തെരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. ഇന്ത്യക്കാര്‍ വോട്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് പ്രവചിക്കാന്‍ കഴിയില്ല,’ മല്ലിക സാരാഭായ് പറഞ്ഞു.

മോദി വിരോധിയായതുകൊണ്ട് മാത്രം തെലങ്കാനയിലെ സര്‍ക്കാര്‍ പരിപാടിയില്‍ നൃത്തം ചെയ്യാന്‍ തനിക്ക് അവസരം നഷ്ടപ്പെട്ടുവെന്നും, മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഭൂമിയില്‍ നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി തന്നോട് പറഞ്ഞതായും മല്ലിക സാരാഭായ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Mallika Sarabhai about Kalamandalam Chancellorship

We use cookies to give you the best possible experience. Learn more