| Sunday, 30th August 2015, 12:58 pm

എഴുത്തുകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: എഴുത്തുകാരനും പണ്ഡിതനും കന്നഡ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ മല്ലേഷാപ്പ എം കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

രാവിലെ എട്ടേമുക്കാലോടെ കല്യാണ്‍ നഗറിലുള്ള വീട്ടിനുള്ളില്‍ വെച്ചാണ് കല്‍ബുര്‍ഗിക്കു വെടിയേറ്റത്. വീട്ടിലെത്തിയ മുന്നുപേര്‍ വാദപ്രതിവാദങ്ങള്‍ക്കുശേഷം അദ്ദേഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

നെഞ്ചിനു വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസകള്‍ക്കും എതിരെ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഏറെ വിവാദമായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദു തീവ്രവാദികള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടതാവാമെന്ന് പോലീസ് സംശയിക്കുന്നു. കൂടാതെ വസ്തു ഭാഗം ചെയ്തതുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

നൂറ് ഗവേഷണ ലേഖനങ്ങളുടെ ശേഖരമായ “മാര്‍ഗ 4” ലൂടെ അദ്ദേഹം 2006ല്‍ ദേശീയ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഇതിനു പുറമേ കന്നഡ സാഹിത്യ അക്കാദമി പുരസ്‌കാരം, പമ്പാ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങല്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

നീണ്ട ഗവേഷണങ്ങളുടെ ഫലമായ കല്‍ബുര്‍ഗിയുടെ എഴുത്തുകള്‍. കന്നഡ  ഫോക്ക്‌ലോര്‍, മതം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളുടെ ശേഖരമാണ് മാര്‍ഗ-വണ്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം.

കര്‍ണാടകയിലെ ശക്തരായ ലിംഗായത്ത് സമുദായം ഈ പുസ്തകത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ലിംഗായത്ത്് സമുദായ നേതാവായ ബാസവേഷശ്വരയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

We use cookies to give you the best possible experience. Learn more