| Tuesday, 31st October 2017, 6:18 pm

'ഇതെന്ത് മറിമായം'; യോര്‍ക്കറിന് പകരം ഓഫ് സ്പിന്നെറിഞ്ഞ് മൂന്ന് വിക്കറ്റെടുത്ത് മലിംഗ; അവിശ്വസനീയ പ്രകടനം കണ്ട് അമ്പരന്ന് ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ലസിത് മലിംഗ. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഒരു യോര്‍ക്കര്‍ പാഞ്ഞെത്തും. ലോകോത്തര ബാറ്റ്‌സ്മാന്മാരുടെ അടക്കം ഉറക്കം കെടുത്തിയ മലിംഗയുടെ യോര്‍ക്കറുകള്‍ കണ്ട് അമ്പരന്നിരുന്നവരായിരിക്കും ഓരോ ക്രിക്കറ്റ് പ്രേമിയും. എന്നാല്‍ ഇന്ന് മലിംഗ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. യോര്‍ക്കര്‍ കൊണ്ടോ തന്റെ തീപാറും പേസ് കൊണ്ടോ അല്ല മറിച്ച് ഓഫ് സ്പിന്നു കൊണ്ടാണ്.

പാകിസ്ഥാനെതിരായ ശ്രീലങ്കന്‍ ടീമില്‍ നിന്നും പുറത്തായ മലിംഗ അഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. മലിംഗ നയിച്ച തീദയ് ലങ്ക കഴിഞ്ഞ ദിവസം എം.സി.എ ഡിവിഷന്‍ മത്സരത്തില്‍ കിരീടം നേടിയിരുന്നു. ഇതിന്റെ ഫൈനല്‍ മത്സരത്തിലായിരുന്നു മലിംഗ് ഓഫ് സ്പിന്നെറിഞ്ഞത്.


Also Read: ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’; ആരെയും കൂസാത്ത ധോണിക്ക് സൂചിയെ പേടി


ഇതെന്ത് മറിമായമെന്ന് ആരാധകരെല്ലാം അമ്പരന്നിരിക്കെയായിരുന്നു വിക്കറ്റിന്റെ ഒരു വശത്തു നിന്നും സ്പിന്‍ ബൗളിംഗിന്റ ചെറിയ ചുവടു വെപ്പുകളുമായി മലിംഗ് ഓഫ് സ്പിന്‍ എറിയുന്നത്. ആദ്യമൊന്ന് എല്ലാവരും ചിരിച്ചെങ്കിലും സംഗതി സീരിയസാണെന്ന് പിന്നീട് മനസിലായി. എതിര്‍ ടീമിന്റെ മൂന്ന് വിക്കറ്റുകളാണ് മലിംഗ വീഴ്ത്തിയത്. 82 റണ്‍സിന് ടീം വിജയിക്കുകയും ചെയ്തു.

34 കാരനായ മലിംഗ ലങ്കന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി താരം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. കാലിനേറ്റ പരുക്ക് 19 മാസത്തോളമാണ് മലിംഗയെ ടീമില്‍ നിന്നും പുറത്തു നിര്‍ത്തിയത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലൂടെ തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും മങ്ങിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

We use cookies to give you the best possible experience. Learn more