പടം ഞാന്‍ ഹിറ്റാക്കിയെന്നോ? നന്ദിയൊക്കെ സംവിധായകനോട് പറഞ്ഞാല്‍ മതി; ഉണ്ണി മുകുന്ദന്റെ കമന്റിന് മമ്മൂട്ടിയുടെ മറുപടി
Entertainment news
പടം ഞാന്‍ ഹിറ്റാക്കിയെന്നോ? നന്ദിയൊക്കെ സംവിധായകനോട് പറഞ്ഞാല്‍ മതി; ഉണ്ണി മുകുന്ദന്റെ കമന്റിന് മമ്മൂട്ടിയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd January 2023, 2:01 pm

ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായ മാളികപ്പുറത്തിന്റെ സക്‌സസ് സെലിബ്രേഷനിലെത്തി മമ്മൂട്ടി. കേക്ക് മുറിച്ചതിന് ശേഷം ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിയുടെ കാലില്‍ തൊട്ട് വഴങ്ങുകയും നന്ദി പറയുകയും ചെയ്തിരുന്നു. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ഉണ്ണി മുകുന്ദന്‍ സക്‌സസ് സെലിബ്രേഷന്‍ നടത്തിയിരിക്കുന്നത്.

സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും ബാലതാരമായ ശ്രീപഥിനും ഒപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി സെലിബ്രേഷനില്‍ പങ്കുചേര്‍ന്നത്. താങ്ക്യൂ സോ മച്ച് മമ്മൂക്കയെന്നായിരുന്നു കേക്ക് മുറിച്ച മമ്മൂട്ടിയോട് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. എന്നാല്‍ ‘എന്തിന്’ എന്നായിരുന്നു തിരിച്ച് മമ്മൂട്ടി ചോദിച്ചത്. പടം സൂപ്പര്‍ ഹിറ്റാക്കി തന്നതിനാണ് താന്‍ നന്ദി പറഞ്ഞതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ അതിന് ‘ഞാനോ, സംവിധായകനോടും പ്രൊഡ്യൂസറോടും താങ്ക്‌സ് പറയൂ’ എന്നാണ് മമ്മൂട്ടി നടന് മറുപടി കൊടുത്തത്.

മമ്മൂട്ടിയുടെ മുമ്പില്‍ നില്‍ക്കാന്‍ തനിക്ക് പേടിയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ സംസാരിച്ചു തുടങ്ങിയത്.’എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്.

ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി’, എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിയുടെ കാലില്‍ വീണത്.

ഇതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയോട് നടന്‍ നന്ദി പറഞ്ഞതും തിരിച്ചുള്ള അദ്ദേഹത്തിന്റെ മറുപടിയും. പടം ഹിറ്റാക്കി തന്നിട്ടുണ്ടെങ്കില്‍ അത് താനല്ലെന്നും സംവിധായകനും പ്രൊഡ്യൂസറുമാണെന്നും അവരോട് നന്ദി പറയൂ എന്നുമാണ് ഉണ്ണി മുകുന്ദനോട് മമ്മൂട്ടി പറഞ്ഞത്.

വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, മനോജ് .കെ. ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കല്ലു എന്ന പെണ്‍കുട്ടിക്ക് അയ്യപ്പനോടുള്ള ഭക്തിയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അയ്യപ്പനായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രമാണ് മാളികപ്പുറം.

content highlight: malikappuram movie success celibration, mammootty and unni mukundan