| Thursday, 5th January 2023, 11:42 am

ഉണ്ണിയേട്ടന് ശരീരം മാത്രമേയുള്ളു മനസ് വളര്‍ന്നിട്ടില്ല, നരേന്ദ്ര മോദി അപ്പൂപ്പന്റെ ഒരു ടോയ് അദ്ദേഹത്തിന്റെ വീട്ടിലുണ്ട്: ദേവനന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്റെ ശരീരം മാത്രമെ വളര്‍ന്നിട്ടുള്ളു, മനസ് വളര്‍ന്നിട്ടില്ലെന്ന് മാളികപ്പുറം ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച ദേവനന്ദ. ഡിസ്‌നിയുടെ തൊട്ട് സ്വന്തം ടോയ് വരെയുള്ള കളക്ഷന്‍സ് ഉണ്ണി മുകുന്ദന്റെ വീട്ടിലുണ്ടെന്നും ചിത്രത്തില്‍ അഭിനയിച്ച കുട്ടികള്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഒരു ടോയ് ഉണ്ണി മുകുന്ദന്റെ വീട്ടിലുണ്ടെന്നും അത് എന്ത് ചെയ്യുമെന്ന് തങ്ങള്‍ ചോദിച്ചിരുന്നുവെന്നും എല്ലാവരെയും നോക്കി ഹെഡ് ആയിട്ട് അനങ്ങാതെ അവിടെ ഇരിക്കുമെന്നാണ് നടന്‍ പറഞ്ഞതെന്നും കുട്ടികള്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദേവനന്ദയും ശ്രീപദും ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഉണ്ണിയേട്ടന് ആകെ ശരീരം മാത്രമേയുള്ളു മനസ് വളര്‍ന്നിട്ടില്ല. ഡിസ്നിയുടെ തൊട്ട് സ്വന്തം ടോയ് വരെയുള്ള കളക്ഷന്‍സ് അവിടെയിരിപ്പുണ്ട്. 250 സ്‌പൈഡര്‍ മാന്‍ പാവ അദ്ദേഹത്തിനുണ്ട്. ആദ്യം ഉണ്ണിചേട്ടന്‍ പറ്റിച്ചിരുന്നു. അതിന് ജീവനുണ്ട്, പവര്‍ ഉണ്ടെന്നൊക്കെ പറഞ്ഞു.

നരേന്ദ്ര മോദി അപ്പൂപ്പന്റെ ഒരു ടോയ് ഇരുപ്പുണ്ട് അവിടെ. അത് എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഉണ്ണി ചേട്ടന്‍ പറഞ്ഞത്, എല്ലാവരെയും നോക്കി ഹെഡ് ആയിട്ട് അനങ്ങാതെ അവിടെ ഇരിക്കും എന്നാണ്.

ഉണ്ണിയേട്ടന്റെ വാള്‍പേപ്പര്‍ വരെ സൂപ്പര്‍മാന്‍ ആണ്. പക്ഷെ ആ സൂപ്പര്‍മാന് ഉണ്ണിയേട്ടന്റെ മുഖമാണ്. അതുമാത്രമല്ല ഉണ്ണിയേട്ടന്‍ ചെയ്യുന്ന ഓരോ സിനിമയിലെ കഥാപാത്രങ്ങളുടെ പാവയും ഒപ്പം സ്വന്തം പട്ടിക്കുട്ടികളുടെ പാവയും വീട്ടിലുണ്ട്.

ഉണ്ണി ചേട്ടന്‍ ഞങ്ങളെ ഒരു പാട് സഹായിച്ചിട്ടുണ്ട്. ചില ഷോട്ടിലോക്കെ മുഖത്ത് എക്‌സ്‌പ്രെഷന്‍ ഒന്നും വരാതെ നില്‍ക്കുമ്പോള്‍ സഹായിക്കുമായിരുന്നു. ഉണ്ണി ചേട്ടന്‍ പറയും ഒരു സീന്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മനസില്‍ കണ്ട്, അതിന്റെ ഫീലിങ്ങ്‌സില്‍ അഭിനയിക്കാന്‍ പറയുമായിരുന്നു,” ദേവന്ദ പറഞ്ഞു.

ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്നാണ് മാളികപ്പുറം നിര്‍മിച്ചത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തെ പുകഴ്ത്തി ഒരുപാട് വ്യക്തികള്‍ രംഗത്തെത്തിയിരുന്നു.

ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, മനോജ് കെ. ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

content highlight: Malikappuram child artist devanandha about unni mukundan

We use cookies to give you the best possible experience. Learn more