| Friday, 16th July 2021, 2:34 pm

മാലികിലെ രണ്ട് തരം മുസ്‌ലിങ്ങള്‍ | Film Review

താഹ മാടായി

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മതകീയമായ രാഷ്ട്രീയ ഗൂഡാര്‍ത്ഥങ്ങള്‍ നിറഞ്ഞ ചിത്രമാണ്. അത് ‘വര്‍ഗീയത’ എന്ന വിഷയത്തെ നേരിട്ടു തൊടുന്ന ഒരു ചിത്രമാണ്. ഒരേ കരയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍, അതിവൈകാരികമായ സൂക്ഷ്മ ജീനുകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് ഈ സിനിമ നിഴലിലും വെളിച്ചത്തിലും പറയുന്നുണ്ട്.

‘മൂന്നു പേര്‍ നില്‍ക്കുമ്പോള്‍ അതിലൊരാളെ മാത്രം മാറ്റി നിര്‍ത്തി സ്വകാര്യം പറയരുത്’ എന്ന പ്രവാചക വചനം ഓര്‍മിപ്പിക്കുന്ന ചില രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. പൊതു ജീവിതത്തിന്റെ ഹാര്‍മണി എങ്ങനെ ‘സ്വകാര്യമായി കൈമാറുന്ന ഗൂഡാലോചനകളാല്‍’ ലംഘിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ മുഖ്യ പ്രമേയം. മൂന്നു പേരില്‍ ഒരാള്‍ ‘ഒറ്റി’ന്റെ ഭാഷയില്‍ സംസാരിക്കുന്നു. ‘ഒറ്റിലൂടെ ഒറ്റപ്പെടുത്തുക’ എന്നതാണ് ഇതില്‍ സന്നിഹിതമാകുന്ന യാഥാര്‍ഥ്യം.

ഇസ്‌ലാമിന്റെ നന്മ പ്രകാശിപ്പിക്കുന്ന ചിത്രമാണ്, ‘മാലിക്’. ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സഹാനുഭൂതി, മാനുഷികമായ കൂറ്, കറുത്തവരോടും കീഴാളരോടുമുള്ള അനുകമ്പ എന്നിവ ഈ സിനിമയിലെ മാലിക് എന്ന കഥാപാത്രത്തില്‍ ഉണ്ട്. മാത്രമല്ല, ഹജ്ജ് എന്ന പാപങ്ങള്‍ തീര്‍ത്തും ഉപേക്ഷിച്ച് പുതിയ മനുഷ്യനായി തിരിച്ചു വരാനുള്ള കര്‍മത്തിന് പുറപ്പെടുമ്പോഴാണ്, തിരിച്ചു വരവ് സാധ്യമാവാത്ത വിധം അയാള്‍ ജീവിതത്തില്‍ ബന്ധിക്കപ്പെടുന്നത്.

മുസ്‌ലിമിന്റെ നന്മ മാലിക് പ്രദര്‍ശിപ്പിക്കുന്നത്, ക്രിസ്തുമതത്തില്‍ പെട്ട തന്റെ ഭാര്യയെ ‘മുസ്‌ലിം’ സ്ത്രീയായിട്ടല്ല ഒപ്പം നിര്‍ത്തുന്നത്. ‘എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം’ എന്ന് സൂക്ഷ്മമായി ഓര്‍മിപ്പിക്കുന്ന ഖുര്‍ആന്‍ വചനം, ഭാര്യയെ അവരുടെ മതത്തില്‍ തന്നെ നില നിര്‍ത്തുന്നതില്‍ മാലികിനെ സ്വാധീനിച്ചിട്ടുണ്ട്.

അപ്പോള്‍ തന്നെ മതം വിശ്വാസികളില്‍ തീര്‍ക്കുന്ന മസ്തിക പ്രക്ഷാളനം, സ്വന്തം മകനെ ഒരു മുസ്‌ലിമായി വളര്‍ത്തണമെന്ന ചിന്തയിലാണ്ടു കിടപ്പുണ്ട്. അപ്പോഴും മാലിക് അതിന് ഭാര്യയുടെ ‘കണ്‍സെന്റ്’ വാങ്ങുന്നുണ്ട്. ഭാര്യ കണ്‍സെന്റ് നല്‍കിയ ആ ആഗ്രഹത്തെ അളിയന്‍ തടസ്സപ്പെടുത്തുമ്പോള്‍, മാലിക്, തന്റെ കുഞ്ഞിന്റെ മാമ്മോദീസ ചടങ്ങില്‍ നിന്ന് അവനെയുമെടുത്ത് ചര്‍ച്ചില്‍ നിന്ന് റമദാപ്പളളിയിലേക്ക് പോകുന്നു. മകനെ ‘ക്രിസ്ത്യാനിയാക്കട്ടെ’ എന്ന കണ്‍സെന്റ് ഉപ്പയായ മാലികില്‍ നിന്ന് പള്ളി വികാരിയോ അളിയനോ ചോദിച്ചിരുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

‘കടല്‍ക്ഷോഭ’മുണ്ടായപ്പോള്‍ റമദാപ്പള്ളിയില്‍ തുറയിലെ ഇതര മതസ്ഥര്‍ക്ക് അഭയം നല്‍കിയതിലും മാലികിന്റെ ‘മാനവിക മുസ്‌ലിം’ ഉണര്‍ന്നു തന്നെ പ്രവര്‍ത്തിക്കുന്നു. പള്ളി സുരക്ഷിതമായ അഭയസ്ഥാനമാണ്, എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണത്. ‘അരക്ഷിതര്‍ക്ക് അഭയം നല്‍കുന്നതാണ് പ്രാര്‍ഥന’ എന്ന സ്പിരിച്വല്‍ മോട്ടീവ് അതിലുണ്ട്.

മാലിക് എന്ന നന്മയുള്ള മുസ്‌ലിം ചെറുപ്പക്കാരന്‍ ആരെയും ഒറ്റുന്നില്ല. തന്നെ കൊലപ്പെടുത്താന്‍ സെല്ലിലെത്തുന്ന അളിയന്റെ മകനോടു പോലും അയാള്‍ ദയാലുവാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ഭൂമി ഒരു വഴിപോക്കന്റെ വഴിയമ്പലം മാത്രമാണ് എന്ന് അയാള്‍ക്കറിയാം.

എന്നാല്‍, മതത്തിന്റെ പേരില്‍ രാഷ്ട്രീയ ഗൂഡാര്‍ഥങ്ങള്‍ ചാര്‍ത്തുന്ന മറ്റൊരു മുസ്‌ലിം കഥാപാത്രം ആ സിനിമയിലുണ്ട്. ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന ‘ഇരട്ടത്താപ്പുള്ള’ മനുഷ്യന്‍. ‘ചീത്ത മുസ്‌ലിമാണ് യഥാര്‍ഥ മുസ്‌ലി’മിന്റെ ശത്രു എന്നാണ് ഈ സിനിമ പറയുന്നത്. നന്മയുള്ള മുസ്‌ലിം ഈ സിനിമയില്‍ തടവറയിലാണ്. വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും ഇര.

അപ്പോള്‍ എന്താണ് ഈ സിനിമ ഓര്‍മിപ്പിക്കുന്നത്? മുസ്‌ലിമാണ് മുസ്‌ലിമിന്റെ ഇര.

റമദാപ്പള്ളി പരിസരത്തെ ചില കടകള്‍, കള്ളക്കടത്തുകള്‍, യന്ത്രത്തോക്കുകള്‍, ഇങ്ങനെ ബാലിശമായ പലതുമുണ്ട്. ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ പെട്ടി കൊണ്ടുവരുന്നതു പോലെയാണ് ഇതില്‍ സാധനങ്ങള്‍ കടത്തുന്നത്. 70-80കളില്‍ ഉണ്ടായിരുന്ന പെര്‍ഫ്യൂം, റേഡിയോ, വാച്ച്, സിഗററ്റ് കടത്തുകള്‍ എന്തായാലും ഈ വിധമായിരിക്കാനിടയില്ല. അതൊക്കെ തമാശയായിട്ടാണ് അനുഭവപ്പെടുന്നത്.

പിന്നെ റമദാപ്പള്ളി കലാപവും വെടിവെപ്പും പൊലീസ് ആസൂത്രണം ചെയ്ത കലാപമായിരുന്നു എന്ന വെളിപ്പെടുത്തലിലും വലിയ പുതുമയില്ല. കാരണം, ഇത്തരം കലാപങ്ങളില്‍ പൊലീസ് വഹിക്കുന്ന പങ്ക് പല തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിലെ പൊലീസ് സേനയെക്കുറിച്ച് പലതരം വിമര്‍ശനങ്ങളുണ്ടാകാമെങ്കിലും, ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയതയെ പൊലീസ് പിന്തുണക്കുന്നില്ല എന്ന് ‘ലൗ ജിഹാദ്’ ‘വിഷയങ്ങളില്‍ പൊലീസ് എടുത്ത സമീപനങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

‘ലൗ ജിഹാദ്, ഒരു വ്യാജ പ്രചരണം മാത്രമാണ് എന്ന ഉറച്ച, അഭിനന്ദാര്‍ഹമായ നിലപാട് പോലീസ് വകുപ്പില്‍ നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍, ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും ടൂള്‍ ആകുന്ന പൊലിസ് ഉദ്യോഗസ്ഥരെ മറ്റു പല ഇന്ത്യന്‍ സിനിമകളെയും പോലെ ഈ സിനിമയും തുറന്നു കാട്ടുന്നുണ്ട്.

കേരളത്തിലെ മുസ്‌ലിം / ക്രൈസ്തവ സമൂഹം ഏതോ തരത്തില്‍ പരസ്പരം തെറ്റിദ്ധാരണകളുടെ മുനമ്പുകളില്‍ നില്‍ക്കുമ്പോഴാണ് ഈ സിനിമ റിലീസാവുന്നത്. ഈ സമുദായങ്ങള്‍ക്കിടയിലെ വൈകാരികമായ അടുപ്പത്തെയും അകല്‍ച്ചകളെയും ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. സ്വന്തം അപ്പന്റെ മുഖത്ത് എറിയേണ്ടിയിരുന്ന കല്ല്, മാലികിന്റെ അളിയന്റെ മകന്‍, രാഷ്ട്രീയക്കാരനായ ആ മുസ്‌ലിമിന്റെ മുഖത്താണ് എറിയുന്നത് എന്ന് ശ്രദ്ധിച്ചിരിക്കുമല്ലൊ.

ആ കല്ല് ഒരു പ്രതീകമാണ്. അതെപ്പോഴും, മുസ്‌ലിങ്ങളുടെ മുഖത്ത് മാത്രമേ വന്നു വീഴുന്നുള്ളൂ. ഒരുപാട് നിറങ്ങളില്‍ ഉള്ള പതാകകള്‍ പാറിപ്പറക്കുന്ന കേരളത്തില്‍ ഒരു പച്ചക്കൊടി മാത്രം കാണിക്കാനുള്ള സംവിധായകന്റെ രാഷ്ട്രീയ ജാഗ്രതയെ എങ്ങനെ പ്രശംസിക്കാതിരിക്കും?

എങ്കിലും, സിനിമ എന്ന നിലയില്‍ ഉള്ളുലക്കുന്ന അനുഭവത്തിലൂടെയാണ് പ്രേക്ഷകര്‍ കടന്നു പോകുന്നത്. ഫഹദ് ഫാസില്‍ ഉജ്വലമായ രീതിയില്‍ മാലികിനെ മരണത്തിലും ജീവിതത്തിലും അവിസ്മരണീയമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Malik Movie Review – Thaha Madayi

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more