വളരെ സങ്കീര്‍ണമായ ഒരു കഥയെയും പശ്ചാത്തലത്തെയും വ്യത്യസ്ത ലെയറുകളില്‍ ഒരുപിടി കഥാപാത്രങ്ങളിലൂടെ പിടിച്ചിരുത്തുന്ന കഥപറച്ചില്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ മാലിക്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമ ഒരൊറ്റ നിമിഷത്തില്‍ പോലും പ്രേക്ഷകന്റെ ശ്രദ്ധയെ വ്യതിചലിക്കാന്‍ അനുവദിക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ തിരക്കഥാകൃത്തും സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന് കഴിഞ്ഞിട്ടുണ്ട്.
അലി ഇക്ക എന്ന റമദാപള്ളി പരിസരത്തെ ഏറ്റവും സ്വാധീനമുള്ള നേതാവ്, ഒരു ഗ്യാങ്ങ്സ്റ്ററെന്നോ കള്ളക്കടത്തുകാരനെന്നോ വിളിക്കാന്‍ കൂടി കഴിയുന്ന ആ കഥാപാത്രത്തിന്റെ ജീവിതത്തെ പശ്ചാത്തലമാക്കി കൊണ്ടാണ് മാലികിന്റെ കഥ നടക്കുന്നത്.
ആറാം വയസില്‍ റമദാപള്ളിയിലെത്തിയ, മരണത്തില്‍ നിന്നും തിരിച്ചുനടന്ന അഹമ്മദലി സുലൈമാനെന്ന അലിയുടെ ജീവിതത്തിലൂടെ റമദാന്‍ പള്ളിയും എടത്വറ തുറയും ക്രിസത്യന്‍ മുസ്ലിം ന്യൂനപക്ഷവും സമുദായ രാഷ്ട്രീയവും സര്‍ക്കാരും രാഷ്ട്രീയക്കളികളും പൊലീസും ബ്യൂറോക്രസിയും കള്ളക്കടത്തും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കൊലപാതകവും കലാപവുമെല്ലാം ചിത്രം പറയുന്നു.
സാഹചര്യങ്ങളില്‍ പെട്ടുപോയി നിസഹായരാകുന്ന, ഒരിക്കലും ആഗ്രഹിക്കാത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുന്ന മനുഷ്യരെ കുറിച്ചും സൗഹൃദം, പ്രണയം തുടങ്ങിയ വ്യക്തിബന്ധങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും തിരിച്ചും സ്വാധീനിക്കുന്ന അവസ്ഥകളെ കുറിച്ചും ഒരു ഗ്രേ ഏരിയയില്‍ നിന്നുകൊണ്ട് ചിത്രം സംസാരിക്കുകയാണ്.
2009ല്‍ നടന്ന ബീമാപള്ളി വെടിവെപ്പാണ് മാലികില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ടീസര്‍ ഇറങ്ങിയ സമയം മുതല്‍ തന്നെ ചര്‍ച്ചയുണ്ടായിരുന്നു. റിലീസിന് പിന്നാലെ ഈ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഇതേ കുറിച്ചുയരുന്ന വിവിധ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നമുക്ക് വഴിയേ പറയാം.
തിരക്കഥയുടെ കെട്ടുറപ്പിനൊപ്പം നില്‍ക്കുന്ന, അതിനെ പ്രേക്ഷകന് മുന്‍പില്‍ വരച്ചു കാണിക്കുന്ന പ്രകടനമാണ് മാലികിലെ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അഭിനയിച്ചവരെല്ലാം നല്‍കിയിരിക്കുന്നത്.
ഗ്യാങ്സ്റ്റര്‍ സിനിമകളില്‍ കണ്ടു പരിചയമുള്ള കഥാപാത്ര സൃഷ്ടിയാണ് ഫഹദിന്റെ അലി ഇക്കയുടേത്. നീതിയ്ക്ക് വേണ്ടി അക്രമം തെരഞ്ഞെടുത്തതിന് ചെറുപ്പത്തില്‍ തന്നെ സ്‌കൂളില്‍ നിന്നും പുറത്താകുന്ന, പിന്നീട് കഞ്ചാവ് വിറ്റും ചെറിയ കള്ളക്കടത്ത് വഴിയും ജീവിക്കാന്‍ പഠിക്കുന്ന, ഇതിനിടയില്‍ നാടിനോടും നാട്ടുകാരോടുമുള്ള കടപ്പാടും സ്‌നേഹവും കാത്തുസൂക്ഷിക്കുന്നയാളാണ് അലി ഇക്ക. അലി ഇക്കയ്ക്ക് അദ്ദേഹത്തിന്റേതായ നീതിബോധവും ന്യായീകരണങ്ങളുമുണ്ട്. എന്തെല്ലാം വെട്ടിപ്പിടിച്ചിട്ടും ഇതിനിടയില്‍ വ്യക്തിജീവിതത്തില്‍ താന്‍ നഷ്ടപ്പെടുത്തിയ ചിലതിനെ കുറിച്ചുള്ള അടങ്ങാനാകാത്ത നഷ്ടബോധം അയാളെ വേട്ടയാടുന്നുണ്ട്.
സിനിമ കഴിഞ്ഞൊന്ന് ആലോചിക്കുമ്പോള്‍ അലി ഇക്കയുടെ സ്റ്റോറി ലൈന്‍ നമ്മള്‍ മുന്‍പേ നിരവധി സിനിമകളില്‍ കണ്ടുപരിചയമുള്ളതായി തോന്നിയേക്കാം. പക്ഷെ സിനിമ കാണുമ്പോള്‍ പരിചയമുള്ള കഥയാണല്ലോ ഇതെന്ന തോന്നല്‍ ഒരിടത്തു പോലും വരില്ല എന്നത് തിരക്കഥയുടെ മിടുക്കാണ്.
പ്രതീക്ഷിച്ചതു പോലെ, ഫഹദ് ഏറ്റവും കണ്‍വിന്‍സിങ്ങായ രീതിയില്‍ അലി ഇക്കയെ അവതരിപ്പിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷക്കാലയളവ് കാണിക്കുന്ന ചിത്രത്തില്‍ ചെറുപ്പത്തിലെ ഊര്‍ജസ്വലതയില്‍ നിന്നും കരുത്തും കടുപ്പവും നിറഞ്ഞ യുവത്വത്തിലേക്കും പിന്നീട് ഇന്‍സുലിന്‍ കുത്തിവെപ്പ് നടത്തുന്ന വാര്‍ധക്യത്തിലേക്കും ഫഹദ് പ്രയാസങ്ങളില്ലാതെ സഞ്ചരിക്കുന്നുണ്ട്.
ഇതിനിടയില്‍ പ്രണയത്തിന്റെ സുന്ദരഭാവങ്ങളും എന്നെങ്കിലും സ്വന്തം ഉമ്മ തന്നെ അംഗീകരിക്കണമെന്ന ഒരു മകന്റെ അടങ്ങാത്ത ആഗ്രഹവും ഫഹദിന്റെ കണ്ണുകളില്‍ നിറയുന്നത് മനോഹരമായ കാഴ്ചയാണ്.
മാലിക്കിലെ റോസ്‌ലിനെ നിമിഷ മികച്ചതാക്കിയിട്ടുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും കൃത്യമായി പറയുന്ന റോസ്‌ലിന്റെ, ആ ഉറച്ച നിലപാടുകള്‍ ചെറുപ്പത്തിലും വാര്‍ധക്യത്തിലും അവതരിപ്പിക്കുന്നതില്‍ കൊണ്ടുവന്നിട്ടുള്ള വ്യത്യസ്തതയും കയ്യടക്കവുമാണ് നിമിഷയുടെ പെര്‍ഫോമന്‍സിനെ മികച്ചതാക്കുന്നത്. പ്രണയവും മരണമുണ്ടാക്കുന്ന നഷ്ടബോധവും തളര്‍ന്നിരിക്കുന്ന പങ്കാളിക്ക് ധൈര്യം നല്‍കുന്നതും തുറന്നടിച്ച് അഭിപ്രായം പറയുന്നതുമെല്ലാം ഓരോ സീനുകളിലും നിമിഷ സുന്ദരമാക്കിയിട്ടുണ്ട്.
കഥാപാത്രത്തിലേക്ക് വരുമ്പോള്‍, ക്രിസ്ത്യനായി തുടരാന്‍ സുലൈമാന്‍ റോസ്‌ലിനെ അനുവദിക്കുന്നതും മക്കളെ മുസ്‌ലിമായി വളര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതും അന്നത്തെ കാലഘട്ടത്തില്‍ അസാധാരണമായ കാഴ്ചയൊന്നുമല്ലെങ്കിലും അതിനോട് റോസ്ലിന്‍ പെട്ടെന്ന് തന്നെ സമ്മതം മൂളുന്നത്, അതുവരെയുള്ള റോസ്‌ലിന്റെ കഥാപാത്രസൃഷ്ടിയുമായി ചേരാതെ പോകുന്നുണ്ട്. സ്ത്രീകള്‍ക്ക് മേലുള്ള അധികാരബോധത്തിന് ഒരു കെട്ടിപ്പിടുത്തത്തിലൂടെ സമ്മതം പറയുന്ന റോസ്‌ലിനെയാണ് ആ സീനില്‍ കാണാനാകുക.
ചിത്രത്തില്‍ ഏറ്റവും സഹതാപം തോന്നുന്ന കഥാപാത്രം വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഡേവിഡാണ്. എളുപ്പത്തില്‍ സ്വാധീനിക്കപ്പെടുന്ന, വരുവരായ്കകളെ കുറിച്ച് പേടിയുള്ള, എന്നാല്‍ എടുത്തച്ചാട്ടക്കാരന്‍ കൂടിയായ ഡേവിഡായി വിനയ് ഫോര്‍ട്ട് അഭിനന്ദനാര്‍ഹമായ പെര്‍ഫോമന്‍സ് നല്‍കുന്നുണ്ട്. സ്‌കൂളിന് പേരിടുന്ന സമയത്തും റോസ്‌ലിന്റെ കുഞ്ഞിന് പേരിടുന്ന സമയത്തും കുഞ്ഞിനെ വളര്‍ത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് റോസ്‌ലിനോട് പറയുന്ന സമയത്തുമെല്ലാം സമുദായം എന്ന വികാരം, അറിഞ്ഞും അറിയാതെയും പുറത്തുവരുന്ന വഴികള്‍ ഡേവിഡില്‍ കൃത്യമായി കാണാന്‍ സാധിക്കും.
ദിലീഷ് പോത്തന്റെ അബുവായിരിക്കും ഒരുപക്ഷെ മാലികില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകാന്‍ പോകുന്നതും വിമര്‍ശനം നേരിടാന്‍ പോകുന്നതുമായ കഥാപാത്രം. സ്വാര്‍ത്ഥതയ്ക്കും ലാഭത്തിനും പ്രാധാന്യം നല്‍കുന്ന, വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന അബു എന്ന എം.എല്‍.എയായാണ് ദിലീഷ് പോത്തന്‍ എത്തുന്നത്.
മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും തങ്ങളുടേതായ ചില ശരികളും ന്യായീകരണങ്ങളും മഹേഷ് നാരായണന്‍ നല്‍കുന്നുണ്ടെങ്കില്‍, അബുവിനെ മാത്രമാണ് അത്തരം വായനകള്‍ക്ക് അവസരം നല്‍കാതെ നിര്‍ത്തിയിരിക്കുന്നത്. കൂട്ടത്തില്‍ നെഗറ്റീവ് ടച്ച് ഏറ്റവും കൂടുതലുള്ള ഈ കഥാപാത്രത്ത കൂടി വെച്ചായിരിക്കും മാലിക് എങ്ങനെയാണ് ബീമാപള്ളി സംഭവത്തെയും മുസ്‌ലിം രാഷ്ട്രീയത്തെയും സമീപിച്ചതെന്ന് ചര്‍ച്ചയാവുക.
പ്രധാന കഥാപാത്രങ്ങളെ മാത്രമല്ല, മാലികിലെ ഓരോ കഥാപാത്രത്തെയും മനസില്‍ തട്ടും വിധമാണ് വാര്‍ത്തെടുത്തിരിക്കുന്നത്. കേന്ദ്ര കഥാപാത്രത്തില്‍ മാത്രം ഒതുങ്ങിപ്പോകാതെ ഓരോ കഥാപാത്രത്തിനും കൃത്യമായ വ്യക്തിത്വവും ഡെവലപ്‌മെന്റും നല്‍കാന്‍ മഹേഷ് നാരായണന്‍ കാണിച്ച ശ്രദ്ധ എടുത്തുപറയേണ്ടതാണ്. അതുകൊണ്ട് തന്നെ രണ്ടേ രണ്ട് സീനില്‍ മാത്രം വന്നുപോയ അപ്പാനി രവിയുടെ ഷിബു പോലും പ്രേക്ഷകന്റെ മനസില്‍ നില്‍ക്കും.
അലി ഇക്കയുടെ ഉമ്മയായി എത്തിയ ജലജ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടിമാരുടെ പട്ടികയിലേക്ക് ഒരാളെ കൂടി ലഭിച്ചിരിക്കുകയാണെന്ന് മലയാള സിനിമക്ക് എന്ന് ഉറപ്പിച്ചു പറയാം. ജോജു ജോര്‍ജ് കളക്ടറായി തിളങ്ങുന്നുണ്ട്.
മാലികിലെ മൂന്ന് കഥാപാത്രങ്ങളും അവരുടെ പെര്‍ഫോമന്‍സും പ്രേക്ഷകന് പെട്ടെന്ന് മറക്കാനാകില്ല, പൊലീസായി എത്തിയ ഇന്ദ്രന്‍സ്, ഡേവിഡിന്റെ മകനായ ഫ്രെഡിയെ അവതരിപ്പിച്ച സനല്‍ അമന്‍, ജയിലിലെ ഡോക്ടറായ പാര്‍വതി കൃഷ്ണ. വരുന്ന ഓരോ സീനും മൂന്ന് പേരും ഗംഭീരമാക്കുന്നുണ്ട്.
ഇന്ദ്രന്‍സിന്റെ പൊലീസുകാരന്‍ പൊലീസ് സംവിധാനം വഴി നടക്കുന്ന കുറ്റകൃത്യങ്ങളെ ഏറ്റവും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുമ്പോള്‍, ആ സംവിധാനത്തിലെ ക്രൂരത സിനിമയ്ക്ക് ശേഷവും നമ്മളെ വീണ്ടും വീണ്ടും ചിന്തിപ്പിക്കും. ഇന്ദ്രന്‍സ് ഒരു അസാധ്യ നടനാണെന്ന് മാലിക് ഒന്നു കൂടി കാണിച്ചു തരികയാണ്. ഈ മൂന്ന് പേരുടെയും ആക്ഷനുകള്‍ക്ക് സിനിമയുടെ കഥാഗതിയില്‍ വലിയ പ്രാധാന്യമുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ല.
ഏച്ചുകൂട്ടലുകളില്ലാതെ തിരുവനന്തപുരത്തെ കടപ്പുറത്തെ സ്ലാങ്ങില്‍ ഓരോരുത്തരും സംസാരിക്കുന്നതും സിനിമയുടെ ആസ്വാദനം പൂര്‍ണ്ണമാക്കുന്നതില്‍ സഹായിക്കുന്നുണ്ട്.
അഭിനേതാക്കളെ സിനിമയ്ക്ക് ചേരുന്ന രീതിയില്‍ അഭിനയിപ്പിച്ചെടുക്കാന്‍ കഴിവുള്ള സംവിധായകരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരിക്കും മഹേഷ് നാരായണന്റെ സ്ഥാനമെന്ന് മാലിക് കാണിച്ചുതന്നിട്ടുണ്ട്. ഒരല്‍പം കൂടുതലോ കുറവോ ഇല്ലാതെ കൃത്യമായ പാകത്തില്‍ ഓരോരുത്തരെയും ചേര്‍ത്തു വെച്ചിരിക്കുന്നു. അതുപോലെ തന്നെ സംവിധായകനും എഡിറ്ററും ഒരാളായതു കൊണ്ടാകാം, ആവശ്യമില്ലാത്തത് എന്നു തോന്നിക്കുന്ന സീനുകളൊന്നും തന്നെ ചിത്രത്തില്‍ കാണാനാകില്ല.
പ്രേക്ഷകനെ സിനിമയുടെ കൂടെ കൊണ്ടുപോകുന്നതില്‍ സഹായിക്കുന്ന മറ്റൊരു ഘടകം ക്യാമറയാണ്. സാനു ജോണ്‍ വര്‍ഗീസ് കഥയോട് ഏറ്റവും ചേര്‍ന്നുനിന്നു കൊണ്ടാണ് മാലികിനായി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിലെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ടിന് സാനു ജോണിന് പ്രത്യേകം അഭിനന്ദനം വരുന്നുണ്ട്.
സുഷിന്‍ ശ്യാമിന്റെ സംഗീതം തിയേറ്റര്‍ എക്‌സ്പീരിയന്‍സിനു വേണ്ടി തയ്യാറാക്കിയതായതിനാല്‍ ലാപ്‌ടോപ്പിലോ ഫോണിലോ മാലിക് കാണുമ്പോള്‍ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരല്‍പം അധികമായോ എന്ന് തോന്നിയേക്കാം, പ്രത്യേകിച്ചും ചെറുപ്പത്തിലെ സുലൈമാന്റെ മാസ് സീനുകളില്‍.
ഇനി, മാലികിന്റെ മേക്കിംഗ് ബ്രില്യന്‍സ് കയ്യടി നേടുമ്പോഴും ചിത്രം കൈകാര്യം ചെയ്ത വിഷയത്തെ പറ്റി ചെറുതല്ലാത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കേരള പൊലീസിന്റെ ഏറ്റവും വലിയ നിയമവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കപ്പെടുന്ന 2009ലെ ബീമാപള്ളി വെടിവെപ്പിനെയും തുടര്‍ സംഭവങ്ങളെയും ഓര്‍മ്മിപ്പിക്കുന്നതാണ് മാലിക്.
സിനിമയിലെവിടെയും ബീമാപള്ളി എന്ന പേര് ഉപയോഗിക്കുന്നില്ലെങ്കിലും അന്ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ പുനരാവിഷ്‌കരിക്കപ്പെടുന്നുണ്ട്. വെടിവെപ്പില്‍ കൊല്ലപ്പെട്ട കൗമാരക്കാരനെ പൊലീസ് തീരത്തേക്ക് താങ്ങിയെടുത്ത് എത്തിക്കുന്നതൊക്കെ ഉദാഹരണമാണ്.
വെടിവെപ്പിന് ശേഷം ചിലര്‍ ഉയര്‍ത്തിയ ക്രിസ്ത്യന്‍ – മുസ്‌ലിം സംഘര്‍ഷം എന്ന നരേറ്റീവുകളിലേക്ക് ചിത്രം എത്തുന്നില്ല എന്നുള്ളത് ഏറെ ആശ്വാസകരമാണ്. ജനങ്ങള്‍ തമ്മില്‍ തികഞ്ഞ ഐക്യം പുലര്‍ത്തിയിരുന്ന നാട് തന്നെയായിരുന്നു ഇതെന്നും അവിടെ പൊലീസ് നടത്തിയ നരനായാട്ട് മാത്രമായിരുന്നു അന്നത്തെ സംഭവമെന്നും ചിത്രം കൃത്യമായി പറയുന്നുണ്ട്.
പക്ഷെ, അവസാന ഭാഗത്ത് ഒരു കഥാപാത്രം പറയുന്ന ഒരൊറ്റ പ്രസ്താവന ഒഴിച്ചു നിര്‍ത്തിയാല്‍ സിനിമയിലെ ‘റമദാപള്ളി’ വെടിവെപ്പിലെ സര്‍ക്കാര്‍ പങ്കിനെ കുറിച്ച് മാലിക് തികഞ്ഞ മൗനം പാലിക്കുകയാണ്. 2009ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന സമയത്ത് നടന്ന ബീമാ പള്ളി പൊലീസ് അതിക്രമത്തെ പരാമര്‍ശിക്കുന്ന ചിത്രത്തില്‍, സര്‍ക്കാര്‍ ഒരിക്കല്‍ പോലും കടന്നുവരാത്തതും സംഭവം പൊലീസ് ആക്ഷന്‍ മാത്രമായി അവതരിപ്പിച്ചതും മഹേഷ് നാരായണന് നേരെ ചോദ്യമായി ഉയരും.
താളപ്പിഴകള്‍ സംഭവിച്ച ഒരു വ്യക്തിബന്ധത്തിന്റെയും മുന്‍പ് നടന്ന ഒരു പ്രതികാര കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍, തെറ്റായ ഉദ്ദേശങ്ങളില്ലാതിരുന്ന ഒരു കളക്ടറും, പിന്നെ പൊലീസും സ്വാര്‍ത്ഥ ലാഭം കൊയ്യാന്‍ നടന്ന ഒരു മുസ്‌ലിം എം.എല്‍.എയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും കൂടി ചരടുവലിച്ച് നടത്തിയ കലാപമായിട്ടാണ് ചിത്രം സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയിലെ കള്ളക്കടത്തും ആയുധങ്ങളെത്തുന്നതും പള്ളിയിലെത്തുന്നവരെ തോക്കെടുക്കാന്‍ കൂടി പഠിപ്പിക്കണോയെന്ന ചോദ്യങ്ങളൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിലും ഇസ്ലാമോഫോബിക് നരേറ്റീവുകളുടെ പേരിലും തീര്‍ച്ചയായും വിമര്‍ശനം ചെയ്യപ്പെടും.
സങ്കീര്‍ണമായ കഥയുമായെത്തിയ മാലിക് തീര്‍ച്ചയായും സിനിമയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വിവിധ ലെയറുകളില്‍ വെച്ച് ചര്‍ച്ച ചെയ്യപ്പെടും. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങളും തീര്‍ച്ചയായും ഉണ്ടാകും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Malik movie review -Fahadh Faasil, Mahesh Narayanan, Nimisha Sajayan