| Sunday, 18th July 2021, 6:13 pm

ഇതൊരു മലയാളിയുടെ കഥയാണ്, മലയാളികള്‍ ഇതറിഞ്ഞിരിക്കണമെന്ന് തോന്നി; മാലിക് ബിഹൈന്‍ഡ് ദ സീനില്‍ ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മാലികിലെ ഷൂട്ടിംഗിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും പ്രോസസിനെ കുറിച്ചും വ്യക്തമാക്കുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

തുടക്കത്തിലെ സിംഗിള്‍ ഷോട്ട്, സെറ്റ്, ക്ലൈമാക്‌സില്‍ നിന്നും പുറകിലേക്ക് ഷൂട്ട് ചെയ്ത റിവേഴ്‌സ് ആക്ടിംഗ് രീതി, വി.എഫ്.എക്‌സ് അല്ലാതെയുള്ള എക്‌സ്‌പ്ലോഷനുകള്‍ തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ച് വീഡിയോയില്‍ പറയുന്നുണ്ട്.

സംവിധായകന്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ്, അഭിനേതാക്കളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് വീഡിയോയില്‍ സംസാരിക്കുന്നത്.

പല ഷൂട്ടിംഗ് സീനുകളും വീഡിയോയില്‍ കാണാനാകും. റിവേഴ്‌സ് ആക്ടിംഗ് നടത്തുന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നെന്നു ദിലീഷ് പോത്തന്‍ പറയുന്നുണ്ട്. നിര്‍മ്മാതാവായ ആന്റോ ജോസഫ് തങ്ങളെ പൂര്‍ണ്ണമായും വിശ്വസിച്ച് കൂടെ നിന്നതിനാലാണ് സിനിമ പൂര്‍ത്തിയാക്കാനായതെന്ന് മഹേഷ് നാരായണന്‍ പറയുന്നു.

ദീര്‍ഘമായ സിംഗിള്‍ ഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ ശരിക്കും മാജിക്ക് പോലെയുള്ള അനുഭവമാണ് ഉണ്ടായതെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ആ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് നിമിഷ സജയനും വ്യക്തമാക്കുന്നുണ്ട്.
മാലിക് ഒരു മലയാളിയുടെ കഥയാണ്, അതുകൊണ്ടു തന്നെ മലയാളികള്‍ ഇതറിഞ്ഞിരിക്കണമെന്ന് തോന്നിയെന്നും അതായിരുന്നു ഈയൊരു സമയത്ത് മാലിക് ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നതെന്നും ഫഹദ് ഫാസില്‍ വീഡിയോയുടെ അവസാനം പറയുന്നുണ്ട്.

നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാനാണ് ഞങ്ങള്‍ ശ്രമിച്ചത് എന്ന ഫഹദിന്റെ വാക്കുകളോടു കൂടിയാണ് ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ അവസാനിക്കുന്നത്.

ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലികിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

സംവിധാനത്തിന് പുറമേ മാലിക്കിന്റെ തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരുന്നു.

മാലികിലെ കേന്ദ്ര കഥാപാത്രമായ അഹമ്മദി സുലൈമാന്‍ എന്ന അലി ഇക്കയായാണ് ഫഹദ് ഫാസിലെത്തുന്നത്. നിമിഷ, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ, ദിലീഷ് പോത്തന്‍, സനല്‍ അമന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

c
Content Highlight: Malik Behind the Scenes video, Fahadh Faasil, Mahesh Narayanan, Nimisha Sajayan

We use cookies to give you the best possible experience. Learn more