'ആ രംഗം തിയേറ്ററിലായിരുന്നെങ്കില്‍ ക്ലാപ്പിംഗ് സീനായേനെ, മൊബൈലിലാകുമ്പോള്‍ ഒരു സൈക്കിളോടിക്കണ പോലെ തോന്നുള്ളു'; മാലിക് വിശേഷങ്ങളുമായി ദിനേഷ് പ്രഭാകര്‍
Movie Day
'ആ രംഗം തിയേറ്ററിലായിരുന്നെങ്കില്‍ ക്ലാപ്പിംഗ് സീനായേനെ, മൊബൈലിലാകുമ്പോള്‍ ഒരു സൈക്കിളോടിക്കണ പോലെ തോന്നുള്ളു'; മാലിക് വിശേഷങ്ങളുമായി ദിനേഷ് പ്രഭാകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th July 2021, 2:44 pm

കൊച്ചി: മഹേഷ് നാരായണന്‍ ചിത്രം മാലികിനെപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകര്‍ അത്രമേല്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ പീറ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ദിനേഷ് പ്രഭാകറും മാലിക് അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

‘തിയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരുന്ന ഒരു സിനിമയാണ് മാലിക്. എന്നാല്‍ ആ സാധ്യത ലഭ്യമല്ലാതായതോടെയാണ് ചിത്രം ഒ.ടി.ടി. റിലീസ് ചെയ്തത്. സിനിമ കണ്ടതിന് ശേഷം പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ക്ക് മേലെയാണ് ഇപ്പോള്‍ ലഭിക്കുന്ന റെസ്‌പോണ്‍സ്.

പിന്നെയുള്ളത് തിയേറ്റര്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ലഭിച്ചേക്കാവുന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഇല്ലാതായി എന്നത് മാത്രമാണ്. എന്റെ ഭാഗത്ത് നിന്ന് പറയുകയാണെങ്കില്‍ ചിത്രത്തില്‍ ഞാന്‍ കടലിലൂടെ ഓടിക്കുന്ന ബോട്ട് കരയിലേക്ക് എത്തിച്ച് ഓടിച്ചുപോകുന്ന സീനുണ്ട്.

ഇത് തിയേറ്ററില്‍ ആയിരുന്നെങ്കില്‍ കടലിന്റെ ശബ്ദവും അത് കരയിലേക്ക് കേറുമ്പോഴുള്ള സമയവും ഒക്കെ ഒരു ക്ലാപ്പിംഗ് സീനാകുമായിരുന്നു. പക്ഷെ ഇതൊരു മൊബൈലില്‍ കാണുമ്പോള്‍ ഒരു സൈക്കിളോടിച്ച് പോകുന്ന പോലെയെ തോന്നുള്ളു.

ആ സീന്‍ എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഈ ബോട്ട് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളിലൂടെ കുറേ ഓടിച്ചു. മുനമ്പം, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെല്ലാം ബോട്ട് കൊണ്ടുപോയി ഷൂട്ട് ചെയ്യുകയായിരുന്നു,’ ദിനേഷ് പറഞ്ഞു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

‌‌ഷിബുവിനെ കൊല്ലാൻ ആളെ ഏര്‍പ്പാടാക്കിയത് ഞാൻ തന്നെയാ: 'മാലിക്കിലെ പീറ്റർ' പറയുന്നു | Dinesh Prabhakar Interview

സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഇസ്‌ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ് മാലികിനെതിരെ ഉയരുന്ന പ്രധാന ആരോപണം.

ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമര്‍ശിക്കുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Malik Actor Dinesh Prabhakar About Film