Movie Day
അഭിനയിക്കാന്‍ ആര് വിളിച്ചാലും പോകും, മരണം വരെ അഭിനയിക്കുക എന്നതാണ് ലക്ഷ്യം; അമല്‍ രാജ്‌ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 26, 05:54 am
Monday, 26th July 2021, 11:24 am

കൊച്ചി: മഹേഷ് നാരായണന്‍ ചിത്രം മാലികില്‍ ഹമീദ് എന്ന ശ്രദ്ധേയമായ വേഷം ചെയ്ത് ആരാധക ശ്രദ്ധ നേടിയ താരമാണ് അമല്‍ രാജ്‌ദേവ്. നാടക വേദികളില്‍ നിന്ന് സിനിമയിലെത്തിയ അദ്ദേഹം ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ മുമ്പ് ചെയ്തിട്ടുണ്ട്.

തന്റെ ജീവിത ലക്ഷ്യം മരണം വരെ അഭിനയിക്കുക എന്നതാണെന്ന് പറയുകയാണ് അമല്‍ രാജ്‌ദേവ്. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

‘മരണം വരെ അഭിനയിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ഓരോ കഥാപാത്രം ചെയ്ത് ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും നമ്മുടെ അന്വേഷണവും നമ്മുടെ പഠനവും കൂടിക്കൊണ്ടിരിക്കും. ചക്കപ്പഴം വന്നതിന് ശേഷം എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

എന്റെ പെര്‍ഫോര്‍മന്‍സില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാലിക് അതിനെക്കാള്‍ വലിയ ഉത്തരവാദിത്തമാണ് എനിക്ക് തന്നത്. ഇത്രയും വലിയൊരു സിനിമയില്‍ നല്ലൊരു കഥാപാത്രം.

ഞാന്‍ പോലും പ്രതിക്ഷിക്കാത്ത റീച്ചാണ് ചിത്രത്തിലൂടെ ലഭിച്ചത്. ഒരുപാട് പേര്‍ നല്ല അഭിപ്രായം പറഞ്ഞ് എന്നെ വിളിച്ചിരുന്നു. നമ്മുടെ ഉത്തരവാദിത്തം കൂടുകയാണ് ഇതിലൂടെ.

അതുകൊണ്ട് അഭിനയിക്കാന്‍ ആര് വിളിച്ചാലും പോയി അഭിനയിക്കും. നമുക്ക് പറ്റുന്ന കഥാപാത്രം ഏതായാലും അത് ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം,’ അമല്‍ രാജ്‌ദേവ് പറഞ്ഞു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ് മാലികിനെതിരെ ഉയരുന്ന പ്രധാന ആരോപണം.

ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമര്‍ശിക്കുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Malik Actor Amal Rajdev About Acting