| Friday, 5th August 2022, 8:42 pm

വടക്കന്‍ മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി; വിമന്‍ സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരെ പോരാടി; മാളിയേക്കല്‍ മറിയുമ്മ ഇനി ഓര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വടക്കന്‍ മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭാസം നേടിയ മുസ്‌ലിം വനിത മാളിയേക്കല്‍ മറിയുമ്മ വിടവാങ്ങി. വാര്‍ധക്യ സംബന്ധമായ പ്രയാസങ്ങളെത്തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു മറിയുമ്മക്ക്.

1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏക മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മ. അന്നത്തെ സമുദായ പ്രമാണിമാരുടെ എതിര്‍പ്പുകള്‍ മറികടന്നായിരുന്നു മറിയുമ്മയുടെ വിദ്യാഭ്യാസം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗം വളരെ വലുതാണ്.

സ്‌കൂളിലേക്ക് പോകുന്ന സമയത്ത് സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മനപ്രയാസമാണ് അന്ന് മറിയുമ്മ അനുഭവിച്ചത്. എന്നാല്‍ മതപണ്ഡിതനും, ഖിലാഫത്ത്പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയുമായ ഉപ്പ വിലക്കുകളെ തള്ളിക്കളഞ്ഞ് മകളെ സ്‌കൂളിലയച്ച് പഠിപ്പിച്ചു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മറിയുമ്മ 1943 ല്‍ മിലിട്ടറി റിക്രൂട്ട്‌മെന്റ് ഏജന്റായ മായിന്‍ അലിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് വിമന്‍ സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരെ പോരാടി. തുന്നല്‍ ക്ലാസ് നടത്തി.

തലശ്ശേരി കലാപമാണ് തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത നോവെന്നാണ് മറിയുമ്മ ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്. പുതിയ കാലത്തെ പെണ്‍കുട്ടികളോട് ‘ മങ്ങലം കഴിക്കണ്ട.. പഠിച്ച് പണിയാക്ക്..എന്നിട്ട് സുഖമായി ജീവിക്ക്… അന്നേരം ആരെയെങ്കിലും നമുക്ക് പറ്റിയ ആളെ കണ്ടാല്‍ കല്ല്യാണം കഴിക്ക്’ എന്നുമാണ് മറിയുമ്മക്ക് പറയാനുള്ളത്.

ദി ഹിന്ദു പത്രം ഈ പ്രായത്തിലും വായിച്ചിരുന്ന തലശേരിയിലെ മാളിയേക്കല്‍ മറിയുമ്മ, അവസാന കാലത്തും പത്രം വായന തുടര്‍ന്ന് പോന്നിരുന്നു. മാത്രമല്ല വീട്ടില്‍ എത്തുന്ന അതിഥികളോട് ഇംഗ്ലീഷിലായിരുന്നു മറിയുമ്മ സംസാരിച്ചിരുന്നത്.

Content Highlight: Maliekal Mariumma passed away; She was the first English-educated woman in North Malabar

We use cookies to give you the best possible experience. Learn more