| Tuesday, 25th May 2021, 3:54 pm

മാലിയിലെ ഇടക്കാല സര്‍ക്കാരിലെ ഭരണാധികാരികളെ തടവിലാക്കി സൈന്യം; വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. മാലിയിലെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും പ്രതിരോധ മന്ത്രിയെയും പട്ടാള ഉദ്യോഗസ്ഥര്‍ തടവിലാക്കി.

പ്രസിഡന്റ് ബാ എന്‍ഡാവ്, പ്രധാനമന്ത്രി മുക്താര്‍ ഔന്‍, പ്രതിരോധ മന്ത്രി സുലൈമാന്‍ ദുകോര്‍ എന്നിവരെയാണ് സൈന്യം തടവിലാക്കിയിരിക്കുന്നതെന്ന് ആഫ്രിക്കന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും അറിയിച്ചു.

പശ്ചിമാഫ്രിക്കന്‍ പ്രാദേശിക കൂട്ടായ്മയായ ഇക്കോവാസ്, അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങള്‍, എന്നിവരുമായി ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ പുനഃസംഘടനയില്‍ പട്ടാള അട്ടിമറിയില്‍ പങ്കാളികളായ രണ്ട് സൈനിക പ്രമുഖര്‍ക്ക് സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് ഇടപെടല്‍.

ഒന്‍പത് മാസം മുമ്പ് പട്ടാള അട്ടിമറിയിലൂടെ സൈന്യം മാലിയുടെ അധികാരം പിടിച്ചെടുക്കുകയും അന്നത്തെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകറിനെ തടവിലാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇദ്ദേഹം രാജിവെച്ചിരുന്നു. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജിവെക്കുന്നതെന്നായിരുന്നു ഇബ്രാഹിം പറഞ്ഞിരുന്നത്. ഇതിന് ശേഷം വന്ന ഇടക്കാല സര്‍ക്കാരിലെ ഭരണാധികാരികളെയാണ് സൈന്യം വീണ്ടും തടവിലാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Mali’s military detains president, prime minister

We use cookies to give you the best possible experience. Learn more