| Saturday, 1st June 2024, 12:01 pm

ഹോമോഫോബിയ വിരുദ്ധ കാമ്പയിനിൽ പങ്കെടുത്തില്ല; മാലി ഫുട്ബോൾ താരത്തിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധ കാമ്പയിനില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാലിയുടെ ഫുട്‌ബോള്‍ താരമായ മുഹമ്മദ് കാമറയ്ക്ക് വിലക്ക്. മാലി താരമായ കാമറ നിലവില്‍ ഫ്രാന്‍സിലെ എ.എസ് മൊണാക്കോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

നാൻറ്റെസിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തോട് സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധ കാമ്പയിനിന്റെ ഭാഗമായ ജേഴ്‌സി ധരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് അടുത്ത നാല് മത്സരങ്ങളില്‍ നിന്ന് കാമറയെ വിലക്കുകയായിരുന്നു.

എന്നാൽ 24കാരനായ കാമറ കാമ്പയിനെതിരായ തന്റെ എതിർപ്പ് പ്രകടിപ്പിച്ചു. അദ്ദേഹം തന്റെ ജഴ്‌സിയിൽ ഉണ്ടായിരുന്ന സ്വവർഗ്ഗാനുരാഗവിരുദ്ധ ലോഗോ വെള്ള ടേപ്പ് ഒട്ടിച്ച് മറക്കുകയും ടീം അംഗങ്ങളോടൊപ്പം ഫോട്ടോ എടുക്കാൻ വിസമ്മതിക്കുകയും ചെയ്തു.

കളിയിൽ മൊണോക്കൻ 4 -0 ന് വിജയിച്ചിരുന്നു. മത്സരത്തിൽ കാമറ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടുകയും ചെയ്തു. എന്നാൽ മാച്ച് അവസാനിച്ചതോടെ കാമറയെ അച്ചടക്ക നടപടിക്ക് വിധേയനാക്കുകയായിരുന്നു.

കളിയവസാനിച്ചതോടെ അദ്ദേഹത്തിനെതിരെ മൊണോക്കൻ ടീം ജനറൽ മാനേജർ തിയാഗോ സ്കൂറോ രംഗത്തെത്തി. ‘അടുത്ത മാച്ചുകളിൽ കാമറ ഉണ്ടാകില്ലെന്ന് ഞാൻ ഇപ്പോൾ നിങ്ങളെ അറിയിക്കുകയാണ്. സ്വവർഗ്ഗരതിക്കെതിരെ നിലകൊള്ളാൻ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റം അംഗീകരിക്കാനാവുന്നതല്ല. ഞങ്ങൾ ഇത് ഒരിക്കലും അംഗീകരിച്ച് നൽകുകയുമില്ല,’ തിയാഗോ സ്കൂറോ പറഞ്ഞു.

അദ്ദേഹത്തെ വിമർശിച്ച് കൊണ്ട് ഫ്രഞ്ച് സ്പോർട്സ് മന്ത്രി അമേലി ഔഡിയ കാസ്റ്റീയും മുന്നോട്ട് വന്നിട്ടുണ്ട്. മുഹമ്മദ് കാമറയുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിൽ പെരുമാറുന്നവർ അദ്ദേഹത്തിന്റെ ടീം ഇപ്പോൾ എടുത്തത് പോലെ പല സുഖകരമല്ലാത്ത തീരുമാനങ്ങളും കേൾക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുഹമ്മദ് കാമറയെ അഭിനന്ദിച്ച് കൊണ്ട് മാലി ഫുട്ബാൾ ഫെഡറേഷൻ മുന്നോട്ട് വന്നിട്ടുണ്ട്. ‘ ഫുട്ബോൾ കളിക്കാരും പൗരന്മാരാണ്, അവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. വ്യക്തികളുടെ മൗലികാവകാശം സംരക്ഷിക്കപ്പെടണം,’ അവർ പറഞ്ഞു.

Content Highlight: Mali player got suspended after covering anti homophobia badge on his jersey

Latest Stories

We use cookies to give you the best possible experience. Learn more