'അരിയും ഉള്ളിയും കിട്ടാനില്ല'; ഇന്ത്യ കയറ്റുമതി ഉറപ്പുവരുത്തണമെന്ന് മലേഷ്യ
World News
'അരിയും ഉള്ളിയും കിട്ടാനില്ല'; ഇന്ത്യ കയറ്റുമതി ഉറപ്പുവരുത്തണമെന്ന് മലേഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th July 2024, 11:28 am

ക്വാലാലംപൂര്‍: കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യത കുറവില്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് മലേഷ്യ. ഇന്ത്യയില്‍ നിന്ന് രാജ്യത്തേക്കുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് മലേഷ്യ സര്‍ക്കാരിന്റെ നീക്കം. മലേഷ്യയിലേക്കുള്ള അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യ നിയന്ത്രണം വരുത്തിയോടെയാണ് സഹായമഭ്യര്‍ത്ഥിച്ച് മലേഷ്യന്‍ മന്ത്രി ദത്തൂക് സെരി ജോഹാരി അബ്ദുള്‍ ഗനി രംഗത്തെത്തിയത്.

ഇന്ത്യയുടെ നിയന്ത്രണം മലേഷ്യക്ക് ദോഷകരമാകും. രാജ്യത്തേക്കുള്ള കയറ്റുമതി ഇന്ത്യ ഉറപ്പുവരുത്തണമെന്നായിരുന്നു അബ്ദുള്‍ ഗനി പറഞ്ഞത്. മലേഷ്യയുടെ ആഭ്യന്തര അരി ഉത്പാദനം രാജ്യത്തിന്റെ 65 ശതമാനം ആവശ്യം മാത്രമേ നിറവേറ്റുന്നുള്ളുവെന്നും അബ്ദുള്‍ ഗനി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

‘ഞങ്ങള്‍ക്ക് പഞ്ചസാരയും ഉള്ളിയും ബസുമതി അരിയും അത്യാവശ്യമായി വേണ്ടതുണ്ട്. രാജ്യത്ത് ബസുമതി അരിയുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ 25 ശതമാനം ആളുകളും ബസുമതി അരിയാണ് ഇഷ്ടപ്പെടുന്നത്. നിരോധനം പിന്‍വലിച്ച് ഇവയുടെ ലഭ്യത ഇന്ത്യ ഉറപ്പുവരുത്തുമെന്നാണ് വിശ്വസിക്കുന്നത്,’ എന്നും അബ്ദുള്‍ ഗനി പറഞ്ഞു.

പഞ്ചസാരയും ഉള്ളിയും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആഭ്യന്തര വിലക്കയറ്റത്തെ തുടര്‍ന്നാണ് ഇന്ത്യ ഇവയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

അതേസമയം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പാമോയില്‍ കയറ്റുമതി ചെയ്യുന്ന വിദേശ രാഷ്ട്രങ്ങളില്‍ രണ്ടാമത്തെ രാജ്യമാണ് മലേഷ്യ. നേരത്തെ ഇന്ത്യന്‍ വെജിറ്റബിള്‍ ഓയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍, ഇന്ത്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും സഹായിക്കുകയും ചെയ്താല്‍ രാജ്യത്തിന് അത് ഗുണം ചെയ്യുമെന്നും അബ്ദുള്‍ ഗനി പറഞ്ഞിരുന്നു.

Content Highlight: Malesia seeks India’s help for lack of availability of agricultural products