| Wednesday, 29th December 2021, 9:25 am

ബി.ജെ.പി എം.പി ഉള്‍പ്പെട്ട മാലേഗാവ് സ്‌ഫോടന കേസ്; പ്രധാന സാക്ഷി കൂറുമാറിയതായി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാലേഗാവ് സ്‌ഫോടന കേസില്‍ സാക്ഷി കൂറുമാറി. കേസുമായി ഒരു തരത്തിലും സഹകരിക്കാത്തതിന് പിന്നാലെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കേസ് അന്വേഷിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)യുടെ അപേക്ഷപ്രകാരമാണ് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.

കേസിലെ ആകെയുള്ള 220 സാക്ഷികളില്‍ കൂറുമാറുന്ന 15ാമത് സാക്ഷിയാണ് ഇയാള്‍.

യോഗി ആദിത്യനാഥ് അടക്കമുള്ള അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പേര് പറയണമെന്നാവശ്യപ്പെട്ട് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) തന്നെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരുന്നുവെന്നും പീഡിപ്പിച്ചിരുന്നുവെന്നും മാലേഗാവ് സ്‌ഫോടന കേസിലെ പ്രധാന ദൃക്‌സാക്ഷിയായ ഇയാള്‍ പറഞ്ഞു. 2008ല്‍ നടന്ന സംഭവത്തിന് പിന്നാലെ ഒരാഴ്ചയോളമാണ് എ.ടി.എസ് തന്നെ കസ്റ്റഡിയില്‍ വെച്ചിരുന്നതെന്നാണ് സാക്ഷിയുടെ ആരോപിക്കുന്നത്.

ചൊവ്വാഴ്ച സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതിക്ക് മുന്‍പാകെ ഹാജരാക്കിയപ്പോഴാണ് എ.ടി.എസ് തന്റെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ലെന്ന കാര്യം ഇയാള്‍ കോടതിയോട് പറഞ്ഞത്. എന്നാല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ 5 പേജ് ഇയാളുടെ മൊഴിയാണ്.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലിരിക്കെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പരംബീര്‍ സിംഗടക്കമുള്ള ആളുകള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ദ്രേഷ് കുമാര്‍ അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പേരുകള്‍ പറയാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സാക്ഷി കോടതിയോട് പറഞ്ഞത്.

2008ലായിരുന്നു ഇന്ത്യയെ നടുക്കിയ മാലഗേവ് സ്‌ഫോടനം നടന്നത്. മുംബൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള നാസിക്കിലെ മാലഗേവ് നഗരത്തിന് സമീപത്തെ പള്ളിയ്ക്കടുത്തായിരുന്നു സ്‌ഫോടനം നടന്നത്. സംഭലത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിലവിലെ ലോക്‌സഭാ എം.പിയായ പ്രഗ്യാസിംഗ് താക്കൂര്‍ അടക്കം മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. പ്രഗ്യാസിംഗിന് പുറമെ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, സുധാകര്‍ ദിവേദി, റിട്ടയേര്‍ഡ് മേജര്‍ രമേഷ് ഉപാധ്യായ, അജയ് രാഹിര്‍കര്‍, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി തുടങ്ങിയ പ്രമുഖരും കേസിലെ പ്രതികളാണ്. നിലവില്‍ എല്ലാവരും ജാമ്യവ്യവസ്ഥയില്‍ പുറത്താണ്.

Malegaon: Purohit, Sadhvi & 5 more charged under UAPA | Deccan Herald

യു.എ.പി.എ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Malegoan blast case, witness declared as hostile

We use cookies to give you the best possible experience. Learn more