| Tuesday, 2nd July 2019, 11:27 am

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമംകൊണ്ടുവരിക; മലേഗാവില്‍ ഒരുലക്ഷം മുസ്‌ലീങ്ങളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മലേഗാവിലെ രക്തസാക്ഷി സ്മാരകത്തിനു സമീപം ഒരുലക്ഷം മുസ്‌ലീങ്ങളുടെ പ്രക്ഷോഭം. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ മുസ്‌ലിം സമുദായം നടത്തിയ ആദ്യത്തെ പ്രക്ഷോഭമാണിതെന്നാണ് സംഘാടകരുടെ അവകാശവാദം.

ജമീഅത്ത് ഉലമയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു.

‘ ഞങ്ങള്‍ പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെടുകയല്ല ചെയ്യുന്നത്. അക്രമത്തില്‍ വിശ്വസിക്കുന്നുമില്ല. നിയമത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.’ ജമീഅത്ത് ഉലമ പുരോഹിതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭരണഘടനയിലൂന്നി പ്രവര്‍ത്തിക്കാന്‍ പൊലീസിനോടും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളോടും ആഹ്വാനം ചെയ്യുന്നതായിരുന്നു റാലിയിലെ പ്രസംഗം. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുന്നവര്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ നിസഹായത കാട്ടുകയല്ല പകരം ശഹാദത്തോടുകൂടി മരിക്കുകയാണ് വേണ്ടതെന്ന സന്ദേശം മുസ്‌ലീങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

‘ആള്‍ക്കൂട്ട ആക്രമണം ഞങ്ങളുടെ ഹൃദയത്തെ വ്രണപ്പെടുത്തുകയാണ്. അത് അവസാനിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇത് അസഹനീയമാണ്. മുസ്‌ലീങ്ങള്‍ മറ്റു സമുദായങ്ങളെപ്പോലെയല്ല. മറ്റേതെങ്കിലും സമുദായത്തെയാണ് വേട്ടയാടിയിരുന്നതെങ്കില്‍ അവര്‍ ഇതിനകം പ്രതികരിച്ചിട്ടുണ്ടാവുമായിരുന്നു.’ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാന ഉംറൈന്‍ മഹ്ഫൗസ് റഹ്മാനി പറഞ്ഞു.

‘പെഹ്‌ലു ഖാന്റെ കേസില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ച രീതി ഹൃദയഭേദകമായിരുന്നു. മിക്ക കേസുകളിലും എഫ്.ഐ.ആര്‍ പോലുമില്ല. പിന്നീട് ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഞങ്ങള്‍ കണ്ടു. പിന്നീട് പ്രതികളെ മന്ത്രിമാര്‍ മാലയണിയിക്കുന്നതും കണ്ടു.’ അദ്ദേഹം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more