| Tuesday, 23rd April 2019, 4:47 pm

മലേഗാവില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് തനിക്കെതിരെ കോടതിയെ സമീപിച്ചത് പ്രശസ്തിക്കു വേണ്ടി; പ്രജ്ഞ സിങ്ങ് ഠാക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലേഗാവില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് തനിക്കെതിരെ കോടതിയെ സമീപിച്ചത് പ്രശസ്തിക്കു വേണ്ടി; പ്രജ്ഞ സിങ്ങ് ഠാക്കൂര്‍

ന്യൂദല്‍ഹി: തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയെ സമീപിച്ചത് ബാലിശമെന്ന് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി പ്രജ്ഞ സിങ് ഠാക്കൂര്‍. നിസാര്‍ പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും പ്രജ്ഞ പറഞ്ഞു.

കോടതിയില്‍ നിസാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളയാനും പ്രജ്ഞ എന്‍.ഐ.എ കോടതിയോട് ആവശ്യപ്പെട്ടു. 2008ല്‍ ആറു പേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ പ്രജ്ഞയാണ് ഭോപാലില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ നിന്നും മത്സരിക്കുന്നത്.

എന്നാല്‍ വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിന്റെ ജാമ്യം റദ്ദു ചെയ്യാനുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്നായിരുന്നു നിസാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. നിലവില്‍ ജാമ്യത്തിലുള്ള സ്വാധിയോട് നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു.

‘പ്രജ്ഞ സിങ്ങിനെതിരെ എന്‍.ഐ.എയ്ക്ക് ഒന്നും പറയാനില്ലാത്ത സാഹചര്യത്തില്‍ ബോംബ് സ്ഥോടനത്തിന് ഇരയായവരുടെ കുടുംബത്തെ ആഴത്തില്‍ വേദനിപ്പിച്ച ഇപ്പോഴത്തെ സംഭവം കോടതിയെ ബോധിപ്പിക്കേണ്ടത് തന്റെ കടമയായി കരുതുന്നുവെന്ന്’ നിസാര്‍ പറഞ്ഞിരുന്നു. നേരത്തെ പ്രജ്ഞയുടെ ജാമ്യാപേക്ഷയ്ക്കെതിരേയും നിസാര്‍ കോടതിയെ സമീപിച്ചിരുന്നു.

എട്ടു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രജ്ഞയ്ക്ക് 2017ലാണ് ജാമ്യം ലഭിച്ചത്. തനിക്ക് സ്തനാര്‍ബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാന്‍ കഴിയില്ലെന്നും പ്രജ്ഞ സിങ്ങ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കനത്ത വെയിലിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പൂര്‍ണ ആരോഗ്യം പ്രജ്ഞ സിങ്ങിനുണ്ടെന്നും, അവര്‍ കോടതിയെ തെറ്റദ്ധരിപ്പിക്കുകയായിരുന്നെന്നും നിസാര്‍ കോടിയോട് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more