മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികളായ പ്രജ്ഞാ സിങ് ഠാക്കൂറിനും ലഫ്. കേണല്‍ പുരോഹിതിനും സുധാകര്‍ ചതുര്‍വേദിയ്ക്കും ഈയാഴ്ച കോടതിയില്‍ ഹാജരാകുന്നതിന് പ്രത്യേക മുംബൈ കോടതിയുടെ ഇളവ്.
പ്രജ്ഞയും ചതുര്‍വേദിയും തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹാജരാവുന്നതിന് ഇളവ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുരോഹിത് കോടതിയില്‍ ഹാജരാവാത്തത്. പ്രജ്ഞാ സിങ് ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സുധാകര്‍ ചതുര്‍വേദി മിര്‍സാപൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്.
മാലേഗാവ് സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളോടും ആഴ്ചയിലൊരിക്കലെങ്കിലും കോടതിയില്‍ ഹാജരാവാനാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് എന്‍.ഐ.എ കോടതി ഉത്തരവിട്ടത്.
സമീര്‍ കുല്‍ക്കര്‍ണി, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് റായിക്കര്‍, സ്വാമി ദയാനന്ദ് പാണ്ഡെ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ യു.എ.പി.എ കേസാണ് ചുമത്തിയിരുന്നത്.
കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിന് കൃത്യമായി കാരണം വ്യക്തമാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.