| Monday, 26th December 2022, 1:51 pm

'സഹോദരിമാരുടെ പഠനം മുടങ്ങി, ഇനി ഞങ്ങളും പഠിക്കുന്നില്ല'; താലിബാനെതിരെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍.

വിദ്യാര്‍ത്ഥിനികളെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കുന്നതുവരെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധം നടത്തുമെന്ന് ആണ്‍കുട്ടികള്‍ മുന്നറിയിപ്പ് നല്‍കിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുന്നത് തുടരും, പെണ്‍കുട്ടികളുടെ സര്‍വകലാശാലകളിലെ വിലക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങളും ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പഠനം അവസാനിപ്പിക്കും,’ മുസമില്‍ എന്ന വിദ്യാര്‍ത്ഥി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘എന്റെ രണ്ട് സഹോദരിമാരും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു, എന്നാല്‍ സര്‍വകലാശാലകള്‍ അടച്ചുപൂട്ടിയതിനാല്‍ അവരുടെ പഠനം മുടങ്ങി. ഇനി ഞാനും പഠനം തുടരുന്നില്ല,’ മൊഹബുള്ള എന്ന വിദ്യാര്‍ത്ഥി പറഞ്ഞു.

കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ നിരവധി അധ്യാപകരും പെണ്‍കുട്ടികളുടെ പഠനം വിലക്കിയ താലിബാന്‍ ഭരണകൂടത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. നിരവധി അധ്യാപകര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജോലി രാജിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

താലിബാന്‍ നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഡിസംബര്‍ 20നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നിര്‍ത്തിയതായി ഉത്തരവിട്ടത്.

സര്‍വകലാശാലകളിലെ ലിംഗഭേദം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്ന ചില വിഷയങ്ങള്‍ ഇസ്ലാമിന്റെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നുമാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നിഷേധിച്ച നടപടിയെ ന്യായീകരിച്ചുകൊണ്ട് താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദിം (Nida Mohammad Nadim) പ്രതികരിച്ചത്.

പിന്നാലെ, വിദ്യാഭ്യാസ വിലക്കിനെതിരെ പ്രതികരിച്ചുകൊണ്ട് അഫ്ഗാനിലെ സ്ത്രീകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. താലിബാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍ പോലുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചിരുന്നു.

‘സ്ത്രീകളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയാണ്. ഇത് ഉടനടി നടപ്പിലാക്കണം. പുതിയ ഒരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരും,’ നിദ മുഹമ്മദ് നദിം പുറത്തുവിട്ട ഉത്തരവില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സര്‍വകലാശാലകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

അതിനിടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച നടപടി തുടരുമ്പോഴും താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ വിദേശത്ത് പഠിക്കുന്നതായ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രണ്ട് ഡസനിലധികം താലിബാന്‍ നേതാക്കളുടെ പെണ്‍മക്കളാണ് ദോഹ, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളിലായി പഠനം നടത്തുന്നത്.

അഫ്ഗാന്റെ ആരോഗ്യമന്ത്രി ഖലന്ദര്‍ ഇബാദ്, വിദേശകാര്യ സഹമന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്, താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ തുടങ്ങിയവരുടെ മക്കളാണ് ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടുന്നത്.

Content Highlight: Male students in Afghanistan boycott classes over suspension of higher education for women

We use cookies to give you the best possible experience. Learn more