കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ട പുരുഷ തടവുകാര്‍ 150 ഓളം സ്ത്രീകളെ ബലാത്സം ചെയ്ത് ചുട്ടുകൊന്നതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. മുസന്‍സെ ജയിലിലെ തടവുകാരാണ് കൃത്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടജയില്‍ച്ചാട്ടത്തിനിടെ വനിതാജയിലില്‍ അതിക്രമിച്ച് കയറിയ തടവുകാര്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുകയായിരുന്നു.
കൂട്ടബലാത്സംഗം നടത്തിയ തടവുകാര്‍ രക്ഷപ്പെടുന്നതിനിടയില്‍ ജയിലിന് തീവച്ച് കടന്നുകളഞ്ഞതോടെയാണ് സ്ത്രീ തടവുകാര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ കണക്ക് പ്രകാരം 165 സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും 13 പേര്‍ തീയില്‍ നിന്നും രക്ഷപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 165 പേരില്‍ 13 പേര്‍ തീയില്‍ നിന്നും രക്ഷപ്പെട്ടതായി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ പ്രതിനിധി സെയ്ഫ് മഗാങ്കോ പറഞ്ഞു.
കൂട്ടക്കൊല സ്ഥിരീകരിച്ച് കോംഗോ സര്‍ക്കാരും രംഗത്തെത്തിയിരുന്നു. രണ്ടര ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന നഗരത്തിന്റെ നിലവിലെ സ്ഥിതി അസ്ഥിരമാണെന്ന് കോംഗോയിലെ ഐക്യരാഷ്ട്ര സഭ പ്രതിനിധി വിവിയന്‍ വാന്‍ ഡി പെറെ പറഞ്ഞു.
സാഹചര്യം വളരെ മോശമാണെന്നും നിലവിലെ സ്ഥിതി കാരണം ജയിലിലെ കണക്കുകളും മറ്റും വ്യക്തമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് നേരിട്ട് പരിശോധിക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 27നാണ് മുസന്‍സെ സെന്‍ട്രല്‍ ജയിലില്‍ നിന്നും 4000ത്തിലധികം തടവുകാര്‍ രക്ഷപ്പെട്ടത്. അയല്‍ രാജ്യമായ റുവാണ്ടയുടെ പിന്തുണയോടെ എം23 എന്ന വിമതസേന കോംഗോയിലെ ഗോമ ആക്രമിച്ചതോടെയാണ് തടവുകാര്‍ ജയില്‍ ചാടിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എം23 വിമതര്‍ക്കെതിരെ മനുഷ്യരാശിക്കെതിരായ പ്രവൃത്തികള്‍ നടത്തിയതിന് നടപടിയെടുക്കണമെന്ന് കോംഗോ ആവശ്യപ്പെട്ടു.
അതേസമയം വിമതര്‍ കോംഗോ ആക്രമിക്കുന്നതിനിടെ കോംഗോയിലെ സൈന്യം കിഴക്കന്‍ കിവുവിലെ 52 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന വിവരം പുറത്തുവന്നതായും ഇക്കാര്യത്തില്‍ തങ്ങള്‍ അന്വേഷണം നടത്തുന്നതായും ഐക്യരാഷ്ട്ര സഭ പറഞ്ഞു.
Content Highlight: Male prisoners raped and burned 150 female prisoners in Congo