| Monday, 13th February 2023, 8:33 pm

ആകാശഗംഗയും മേഘസന്ദേശവും മാത്രമല്ല; ആണ്‍പ്രേതങ്ങളുമുണ്ട് മോളിവുഡില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെള്ളസാരിയുടുത്ത പൊതുസമൂഹത്തിന്റെ സൗന്ദര്യസങ്കല്‍പങ്ങള്‍ക്കനുസരിച്ചുള്ള രൂപഭാവങ്ങളുള്ള ക്ലീഷേ പെണ്‍പ്രേതങ്ങള്‍ മലയാള സിനിമയില്‍ നിന്നും മാറിയിട്ട് കാലം കുറേയായി. ഈ ക്ലീഷേ സങ്കല്‍പങ്ങളിലുള്ള പെണ്‍പ്രേതങ്ങള്‍ കളം ഭരിക്കുന്ന കാലത്തും ചില ആണ്‍പ്രേതങ്ങളും ഇടക്ക് കേറി സ്‌കോര്‍ ചെയ്തിട്ടുണ്ട്. അത്തരത്തില്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ ചില ആണ്‍പ്രേതങ്ങളെ നോക്കാം.

സാധാരണ പ്രതികാരം ചെയ്യാനും ആളുകളെ പേടിപ്പിക്കാനുമൊക്കെയാണ് നമ്മുടെ പ്രേതങ്ങള്‍ വരാറുള്ളത്. എന്നാല്‍ ഇത് മാത്രമല്ല, പ്രേതങ്ങള്‍ക്കും ഇമോഷന്‍സുണ്ടെന്നും പല സാഹചര്യങ്ങളിലും അവര്‍ നിസഹായരായി പോകുമെന്നും കാണിച്ചുതന്ന പ്രേതമാണ് ആയുഷ്‌കാലത്തിലെ അബി മാത്യു. 1992ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ആയുഷ്‌കാലത്തില്‍ മുകേഷ്, ജയറാം, സായ്കുമാര്‍, മാതു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.

ജയറാം അവതരിപ്പിച്ച അബി എന്ന കഥാപാത്രത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഹൃദയം മുകേഷ് അവതരിപ്പിച്ച ബാലകൃഷ്ണനിലേക്ക് മാറ്റിവെക്കുന്നു. അതിനാല്‍ മറ്റാര്‍ക്കും കാണാന്‍ പറ്റാത്ത അബിയുടെ പ്രേതത്തെ ബാലകൃഷ്ണന് കാണാനാവുന്നു. തുടര്‍ന്ന് അബിക്ക് തന്റെ കുടുംബത്തോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനായി ബാലകൃഷ്ണന്റെ സഹായം തേടുകയാണ്. പ്രതികാര ദാഹിയായ പ്രേതങ്ങളെ കണ്ട് ശീലിച്ച പ്രേക്ഷകര്‍ക്ക് സ്വന്തം ഭാര്യയേയും കുഞ്ഞിനേയും ഒന്ന് തൊടാനോ സംസാരിക്കാനോ പോലും പറ്റാത്ത നിസഹായനായ പ്രേതം ഒരു പുതുമയും അതോടൊപ്പം ദുഖവുമായിരുന്നു.

മലയാളത്തിലെ ആണ്‍പ്രേതങ്ങളില്‍ മുന്‍നിരയിലാണ് ദേവദൂതനിലെ മഹേശ്വറിന്റെ സ്ഥാനം. കാഴ്ചശക്തിയില്ലാത്ത സംഗീതത്തിന്റെ ചക്രവര്‍ത്തിയായ മഹേശ്വറിനോളം പ്രേക്ഷകരുടെ സ്‌നേഹം പിടിച്ച് പറ്റിയ മറ്റൊരു പ്രേതമുണ്ടാവുമോ? വിവാഹത്തിനായി മാതാപിതാക്കളില്‍ അനുഗ്രഹം വാങ്ങാനായി പോയ മഹേശ്വറിനെ കാത്തിരിക്കുന്ന അലീന സിനിമ മുഴുവന്‍ പ്രേക്ഷകന്റെ മനസില്‍ ഒരു വിങ്ങലായിരുന്നു. ഒടുവില്‍ മരണത്തിലൂടെ അവര്‍ ഒന്നിച്ചപ്പോള്‍ നമുക്കും അതൊരു സന്തോഷമാണ് നല്‍കിയത്. മഹേശ്വര്‍ അത്രക്കും ആഴത്തില്‍ പ്രേക്ഷകമനസില്‍ തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു പ്രധാനകാരണം ആ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച വിനീത് കൂടിയാണ്.

ഈ നിരയില്‍ അടുത്തതായി പറയേണ്ടത് അപരിചിതനിലെ രഘുറാമിനെയാണ്.  മീനുവിനും സിമിക്കും ദേവിക്കുമൊപ്പം ഒരു ശല്യക്കാരനായി കടന്നുകൂടിയ രഘുറാം അവരിലൂടെ തന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു. പ്രേതത്തെ കാണാതെ വെറും ഡയലോഗ് മാത്രം കേട്ട് പേടിച്ചിട്ടുണ്ടെങ്കില്‍ അത് അപരിചിതനിലാണ്. ‘നിങ്ങള്‍ ഈ പറയുന്ന ഫോട്ടോ ഗ്രാഫര്‍ മരിച്ചിട്ട് 12 മണിക്കൂറായി’ എന്ന് രാജന്‍ പി. ദേവ് പറയുന്ന ഡയലോഗ് കേട്ട് ചെറുപ്പത്തില്‍ നമ്മളൊക്കെ എത്ര പേടിച്ചിട്ടുണ്ട്.

2001 മാര്‍ച്ചില്‍ പുറത്ത് വന്ന ഭദ്ര എന്ന സിനിമയില്‍ നടന്‍ ശങ്കറാണ് പ്രേതമായത്. 2000ദത്തില്‍ പുറത്ത് വന്ന സമ്മര്‍ പാലസില്‍ കൃഷ്ണ കുമാറും പ്രേതമായിട്ടുണ്ട്. വിനയന്റെ ഡ്രാക്കുളയില്‍ പ്രേതമായെത്തിയ സുധീറിനേയും ഈ ഗണത്തില്‍ പെടുത്താം.

അടുത്ത കാലത്തിറങ്ങിയ ഹൊറര്‍ മൂവീസ് കൂടി നോക്കാം. ആണ്‍പ്രേതങ്ങളില്‍ തന്നെ ഏറ്റവുമധികം പേടിപ്പിച്ചിട്ടുള്ളത് എസ്രയിലെ സുദേവ് നായരുടെ പ്രേതമായിരിക്കും. പൂര്‍ണമായും പ്രേതമായില്ലെങ്കിലും ഈ സിനിമയില്‍ പൃഥ്വിരാജ് പ്രേതബാധിതനാവുന്നുണ്ട്. എസ്രക്ക് പിന്നാലെ വന്ന നയനിലും ഒരു ഘട്ടത്തില്‍ പ്രേതമായി പൃഥ്വിരാജ് പേടിപ്പിച്ചിട്ടുണ്ട്.

Content Highlight: male ghosts of malayalam cinema

We use cookies to give you the best possible experience. Learn more